ഡബ്ലിൻ: ഹെൽത്ത് ഇൻഷൂറൻസ് പോളിസികളുടെ നിരക്ക് വർദ്ധിപ്പിച്ച് ഇൻഷൂറൻസ് കമ്പനിയായ വിഎച്ച്ഐ. പുതിയ നിരക്കുകൾ ഒക്ടോബർ ഒന്ന് മുതൽ നിലവിൽവരും. പോളിസി നിരക്കിൽ മൂന്ന് ശതമാനത്തിന്റെ വർദ്ധനവണ് വരുത്തിയത്. ആരോഗ്യപരിരക്ഷ ആവശ്യമുള്ളവരുടെ എണ്ണം വർദ്ധിച്ചതും, ഇവ നൽകുന്നതിനുള്ള ചിലവ് വർദ്ധിച്ചതുമാണ് നിരക്ക് വർദ്ധിപ്പിക്കാൻ കാരണം എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
വിഎച്ച്ഐ ഇൻഷൂറൻസിന്റെ എംഡി ആരോൺ കിയോഗ് ആണ് നിരക്ക് വർദ്ധിപ്പിച്ച വിവരം അറിയിച്ചത്. ആരോഗ്യപരിരക്ഷ വേണ്ടവരുടെ എണ്ണവും ഇവ നൽകുന്നതിനുള്ള ചിലവും ക്രമാതീതമായി വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകാൻ നിരക്ക് വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഹെൽത്ത് ഇൻഷൂറൻസ് എന്നത് സുപ്രധാന നിക്ഷേപമാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ലയ, ഐറിഷ് ലൈഫ് ഹെൽത്ത് എന്നീ കമ്പനികളും പോളിസി നിരക്ക് വർദ്ധിപ്പിച്ചിരുന്നു.

