ഡബ്ലിൻ: അയർലന്റിൽ നിന്നും ബ്രിട്ടണിലേക്ക് പോകുന്ന യാത്രികർക്ക് നിർദ്ദേശവുമായി റയാൻഎയർ. ബ്രിട്ടനിലേക്ക് പോകുന്നവർ ചില ഭക്ഷണങ്ങൾ കയ്യിൽ കരുതരുതെന്ന് റയാൻഎയർ അറിയിച്ചു. ഇറച്ചി, പാലുത്പന്നങ്ങൾ എന്നിവ കൊണ്ടുപോകുന്നതിനാണ് വിലക്കുള്ളത്. യൂറോപ്പിൽ എഫ്എംഡി ( ഫൂട്ട് ആന്റ് മൗത്ത് ഡിസീസ്) വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ബ്രിട്ടൺ സർക്കാർ ചില ഭക്ഷണ സാധനങ്ങളുമായി രാജ്യത്തേയ്ക്ക് എത്തുന്നതിന് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് യാത്രികർക്ക് റയാൻഎയറിന്റെ ഓർമ്മപ്പെടുത്തൽ.
പന്നിയിറച്ചി, ബീഫ്, ആട്ടിറച്ചി, പാൽ, ബട്ടർ, ചീസ്, യോഗർട്ട് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകുന്നതിന് ആണ് വിലക്കുള്ളത്. വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവരുന്ന ഭക്ഷണത്തിന് മാത്രമല്ല, കടയിൽ നിന്നും വാങ്ങുന്ന സീൽ ചെയ്ത ഭക്ഷണത്തിനും വിലക്കുണ്ട്. അതേസമയം മുട്ട, ചിക്കൻ, താറാവ് ഇറച്ചി എന്നീ ഭക്ഷണങ്ങൾ കൊണ്ടുവരുന്നതിന് ഇളവുണ്ട്.
എഫ്എംഡി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഏപ്രിൽ 12 ന് ആണ് യുകെ സർക്കാർ അയർലന്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണസാധനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നത്. ഇത് ഇപ്പോൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

