ഡബ്ലിൻ: രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയ ഹോസ്പൈപ്പ് നിരോധനത്തിൽ ഇളവ് വേണമെന്ന് ആവശ്യം. ഡബ്ലിൻ സിറ്റി സെന്ററിലെ വ്യാപാരികളാണ് ഇളവ് നൽകാൻ ഉയിസ് ഐറാനോട് ആവശ്യപ്പെടണമെന്ന് ലോർഡ് മേയറോട് അഭ്യർത്ഥിച്ചത്. വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന സാഹചര്യത്തിൽ സ്ട്രീറ്റ് വൃത്തിയായി വയ്ക്കേണ്ടതുണ്ടെന്നും ഇതിന് ഇളവുകൾ വേണമെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഹോസ്പൈപ്പിന് നിരോധനം ഏർപ്പെടുത്തിയത്. അടുത്ത മാസം 26 വരെ ഇത് തുടരും. ഹോസ്പൈപ്പുകൾ ഉപയോഗിച്ചാണ് സ്ട്രീറ്റുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. നിരോധനത്തെ തുടർന്ന് ഇതിന് തടസ്സം നേരിടുന്നുണ്ട്. ഉയിസ് ഐറാന്റെ ഉത്തരവിന് പിന്നാലെ ഡബ്ലിൻ സിറ്റി കൗൺസിൽ തിരക്കേറിയ പ്രദേശങ്ങളായ ഒ കോണൽ സ്ട്രീറ്റ്, ഹെൻറി സ്ട്രീറ്റ്, ഗ്രാഫ്റ്റൻ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തിയിട്ടുണ്ട്.

