ടിപ്പററി: ഉത്തരകൊറിയൻ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികന് ഏഴരപ്പതിറ്റാണ്ടിന് ശേഷം സ്വന്തം മണ്ണിൽ അന്ത്യവിശ്രമം. കൗണ്ടി ടിപ്പററിയിലെ എംലിയിൽ നിന്നുള്ള തോമസ് ജെ ‘ടോം ജോ’ ഒ’ബ്രയാന്റെ ഭൗതികാവശിഷ്ടങ്ങളാണ് തിരികെ നാട്ടിലെത്തിക്കുന്നത്. യുഎസ് ആർമി സർജന്റ് ആയിരുന്നു അദ്ദേഹം.
1950 ലെ ഉത്തരകൊറിയൻ യുദ്ധത്തിലാണ് ബ്രയാൻ വീരമൃത്യുവരിച്ചത്. മരിക്കുമ്പോൾ 23 വയസ്സായിരുന്നു അദ്ദേഹത്തിന്. കൊറിയൻ പീപ്പിൾസ് ആർമിയുടെ ടാങ്ക് ഉപയോഗിച്ചുള്ള ആക്രമണത്തിൽ ആയിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. തുടർന്ന് കൊറിയൻ സേന തന്നെ രഹസ്യമായി മൃതദേഹം മറവുചെയ്തു. 1954 ൽ ഓപ്പറേഷൻ ഗ്ലോറിയുടെ സമയത്ത് അദ്ദേഹത്തിന്റെ മൃതദേഹ അവശിഷ്ടങ്ങൾ ഐക്യരാഷ്ട്ര സഭയുടെ കമാൻഡിലേക്ക് നൽകപ്പെട്ടു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇത് ബ്രയാന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. ജന്മനാട്ടിൽ അന്ത്യവിശ്രമം കൊള്ളണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇത് പ്രകാരമാണ് കുടുംബം ടിപ്പററിയിൽ മൃതദേഹാവശിഷ്ടങ്ങൾ അടക്കം ചെയ്യുന്നത്.

