ഡബ്ലിൻ: അയർലൻഡിൽ ഗാർഹിക പീഡനം വർധിക്കുന്നുവെന്ന് വ്യക്തമാക്കി ചാരിറ്റിയുടെ കണക്കുകൾ. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വീടുകൾക്കുള്ളിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ 33 ശതമാനം വർധിച്ചുവെന്നാണ് ചാരിറ്റി സംഘടനയായ വിമെൻസ് എയ്ഡ് വ്യക്തമാക്കുന്നത്. ബുധനാഴ്ച പുറത്തിറക്കിയ വാർഷിക ഇംപാക്ട് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ.
ഈ വർഷം ചാരിറ്റിയുടെ സേവനത്തിനായുള്ള ആവശ്യകതയിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇക്കുറി സഹായത്തിനായുള്ള ചാരിറ്റിയുമായുള്ള ബന്ധപ്പെടൽ 11.5 ശതമാനം വർധിച്ചു. പങ്കാളികളിൽ നിന്നാണ് സ്ത്രീകൾ മാനസികവും ശാരീരികവും ആയ അതിക്രമങ്ങൾ കൂടുതലായി നേരിടുന്നത്. ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, ലൈംഗികാതിക്രമം, ബലാത്സംഗം എന്നിവയ്ക്ക് സ്ത്രീകൾ ഇരകളാകുന്നുണ്ട്. അതേസമയം തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ കേവലം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ചാരിറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്.

