ഡബ്ലിൻ: ഐറിഷ് തീരത്ത് അടിയുന്ന അപൂർവ്വയിനത്തിൽപ്പെട്ട ആമകളുടെ എണ്ണത്തിൽ വർദ്ധന. നിലവിൽ തീരത്തടിഞ്ഞ അഞ്ച് ലോഗർഹെഡ് ആമകൾക്ക് അധികൃതർ പരിചരണം നൽകിവരികയാണ്. ഉഷ്ണതരംഗത്തെ തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിൽ ചൂട് വർദ്ധിച്ചതാണ് ആമകൾ കൂട്ടത്തോടെ ഐറിഷ് തീരത്തേയ്ക്ക് എത്താൻ കാരണം എന്നാണ് നിഗമനം.
കഴിഞ്ഞ ദിവസങ്ങളിലാണ് വംശനാശ ഭീഷണി നേരിടുന്ന ലോഗർഹെഡ് ആമകൾ തീരത്ത് എത്തിയത്. കെറിയിലെ ഇഞ്ച്, കൗണ്ടി ക്ലെയറിലെ ലഹിഞ്ച്, കിൽക്കീ, ഗാൽവെയിലെ കൊനമാര, കൗണ്ടി മയോയിലെ ബെൽമുള്ളറ്റ് എന്നീ ബീച്ചുകളിലാണ് ആമകൾ എത്തിയത്. അവശരായ ഇവയെ കെറിയിലെ ഡിംഗിൾ ഓഷ്യൻവേൾഡ് അക്വേറിയത്തിൽ പരിപാലിച്ച് വരികയാണ്. ഇവ സുഖം പ്രാപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോഗർഹെഡ് ആമകൾ സാധാരണയായി മെക്സിക്കോ ഉൾക്കടലിലും കാനറി, കേപ് വെർഡെ ദ്വീപുകൾക്ക് സമീപവുമാണ് കാണപ്പെടുക.

