ഡബ്ലിൻ : പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് തോക്കുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെന്ന വാദം പിഎസ്എൻഐയുടെ ചീഫ് കോൺസ്റ്റബിൾ നിരസിച്ചു.
“പൊതുയോഗങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ അവരുടെ പോലീസ് ഇഷ്യൂ പേഴ്സണൽ പ്രൊട്ടക്ഷൻ ആയുധങ്ങൾ കൊണ്ടുപോകുന്നതിനെക്കുറിച്ച് സിൻ ഫെയ്നോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയോ ഒരു ഘട്ടത്തിലും എന്നോടോ സർവീസ് എക്സിക്യൂട്ടീവ് ടീമിലെ ആരോടെങ്കിലുമോ എന്തെങ്കിലും പ്രശ്നങ്ങൾ ഉന്നയിച്ചിട്ടില്ല “ എന്നാണ് ചീഫ് കോൺസ്റ്റബിൾ പറഞ്ഞത്.
സിൻ ഫെയ്ൻ ഓഫീസുകളിലെ മീറ്റിംഗുകളിലും വെസ്റ്റ് ബെൽഫാസ്റ്റിലെയും ഡെറിയിലെയും ചില പൊതുയോഗങ്ങളിലും പങ്കെടുക്കുന്നതിന് മുമ്പ് ചില ഉദ്യോഗസ്ഥരിൽ നിന്ന് തോക്കുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെന്ന പരാതിയാണ് ഉയർന്നത്.സ്റ്റോർമോണ്ട് അസംബ്ലിയിലെ അൾസ്റ്റർ യൂണിയനിസ്റ്റ് അംഗവും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ജോൺ ബറോസ് ആണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
തങ്ങളുടെ അംഗങ്ങളിൽ ആർക്കെങ്കിലും വ്യക്തിഗത സംരക്ഷണ ആയുധങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയതായി അറിയില്ലെന്ന് പോലീസ് ഫെഡറേഷൻ അധികൃതരും പറഞ്ഞു.
സിൻ ഫെയ്ൻ അംഗങ്ങൾ പൊതുജനങ്ങളെ കൈകാര്യം ചെയ്യുന്നതിനോ അല്ലെങ്കിൽ കമ്മ്യൂണിറ്റി മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോഴോ സിൻ ഫെയ്ൻ ഓഫീസുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ വ്യക്തിഗത സംരക്ഷണ തോക്കുകൾ നീക്കം ചെയ്യണമെന്ന് പിഎസ്എൻഐ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു” എന്ന് കാട്ടി ജോൺ ബറോസ് ചീഫ് കോൺസ്റ്റബിൾ ജോൺ ബൗച്ചറിന് കത്തെഴുതിയിരുന്നു.
“പോലീസിംഗിലെ രാഷ്ട്രീയ ഇടപെടലിന്റെ അതിരുകടന്ന ഉദാഹരണം” എന്ന് ഈ രീതിയെ വിശേഷിപ്പിച്ച അദ്ദേഹം, ഇതെ പറ്റി അന്വേഷിക്കാനും ആവശ്യപ്പെട്ടു. എന്നാൽ സിൻ ഫീനിലെ സഹ പോലീസിംഗ് ബോർഡ് അംഗം ഗെറി കെല്ലി ഈ ആരോപണത്തെ തള്ളിക്കളഞ്ഞു.
“സിൻ ഫെയ്ൻ പോലീസ് ഉദ്യോഗസ്ഥരോട് ഇന്നും നിർദ്ദേശിച്ചിട്ടില്ല . പോലീസ് ഉദ്യോഗസ്ഥരോട് അവരുടെ മേലുദ്യോഗസ്ഥർ ഒഴികെ മറ്റാർക്കും എന്തുചെയ്യണമെന്ന് പറയാൻ അധികാരമില്ല,” ഗെറി കെല്ലി പ്രസ്താവനയിൽ പറഞ്ഞു.

