ഡബ്ലിൻ: ഇന്ധന വിലയ്ക്കെതിരായ പ്രതിഷേധത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ രണ്ടാം ദിവസവും ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധത്തിൽ പങ്കെടുത്ത വാഹനങ്ങൾ വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ബുദ്ധിമുട്ട് നേരിട്ടത്. ഡബ്ലിൻ, ഗാൽവേ, ലിമെറിക്ക് എന്നിവിടങ്ങളിൽ രാവിലെ മുതൽ പ്രശ്നം നേരിടുന്നുണ്ട്.
ട്രാക്ടറുകളും ട്രക്കുകളും പ്രതിഷേധ റാലിയുടെ ഭാഗം ആയിരുന്നു. പ്രതിഷേധം ഇന്നും തുടരാനിരിക്കെ വാഹനങ്ങൾ വഴിയരികിൽ നിർത്തിയിട്ടാണ് ഡ്രൈവർമാർ വിശ്രമിച്ചിരുന്നത്. ഡബ്ലിൻ എയർപോർട്ട്, പോർട്ട് ടണൽ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിൽ തടസ്സം നേരിടുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതിന് പുറമേ ലുവാസ് ഗ്രീൻ ലൈൻ, റെഡ് ലൈൻ സേവനങ്ങൾക്കും തടസ്സം നേരിടുന്നുണ്ട്.

