ഡബ്ലിൻ: അയർലൻഡിൽ കുട്ടികളിലെ അമിത വണ്ണം വ്യാപകം. യുണിസെഫിന്റെ (UNICEF ) റിപ്പോർട്ട് പ്രകാരം അയർലൻഡിൽ അഞ്ചിൽ ഒരു കുട്ടിയ്ക്ക് അമിത വണ്ണം ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ലോകത്ത് 10 ൽ ഒരു കുട്ടിയ്ക്ക് പൊണ്ണത്തടിയുണ്ട്.
യുണിസെഫിന്റെ ചൈൽഡ്ഹുഡ് ഒബീസിറ്റി സർവൈലൻസ് ഇനിഷ്യേറ്റീവിൽ നിന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സബ്-സഹാറൻ ആഫ്രിക്കയും ദക്ഷിണേഷ്യയും ഒഴികെ, ലോകത്തിലെ എല്ലാ പ്രദേശങ്ങളിലും പൊണ്ണത്തടി ഇപ്പോൾ ഭാരക്കുറവിനേക്കാൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന പ്രശ്നമാണ്.
ലോകവ്യാപകമായി 188 ദശലക്ഷം സ്കൂൾ കുട്ടികളെയാണ് പൊണ്ണത്തടിയുള്ളവരായി കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ഭക്ഷണശീലം വളരെ മോശമാണെന്ന് യുണിസെഫ് കണ്ടെത്തിയിട്ടുണ്ട്. സംസ്കരിച്ചതും പഞ്ചസാര അമിതമായി അടങ്ങിയതുമായ ഭക്ഷണമാണ് ഇവർ കഴിയുന്നത്.

