ഡബ്ലിൻ: കീവിലെ മൊണാസ്ട്രിയ്ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ പ്രതികരിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. യുക്രെയ്ൻ സംസ്കാരത്തിന് നേരെയുണ്ടായ ആക്രമണമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച മൊണാസ്ട്രി സന്ദർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കീവിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രവും ഗുഹകളുടെ ആശ്രമം എന്നും അറിയപ്പെടുന്ന കീവ് പെച്ചേഴ്സ് ലാവ്രയ്ക്ക് നേരെയായിരുന്നു റഷ്യയുടെ ഡ്രോൺ ആക്രമണം. ഇവിടെയെത്തിയ മീഹോൾ മാർട്ടിൻ യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്ന് ഒരിക്കൽ കൂടി പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മടക്കം.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്ഥലമാണ് ഇത്. 11ാം നൂറ്റാണ്ടിനും 19 ാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിച്ച ഇവിടെ സ്വർണം കൊണ്ടുള്ള താഴികക്കുടങ്ങളാണ് ഉള്ളത്.

