ടൈറോൺ: കൗണ്ടി ടൈറോണിലെ ഫില്ലിംഗ് സ്റ്റേഷൻ എടിഎമ്മിൽ വൻ കവർച്ച. ഓഗ്നക്ലോയ് മേഖലയിലെ എടിഎമ്മിലാണ് സംഭവം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ 6.40 ഓട് കൂടിയാണ് സംഭവം ഉണ്ടായത് എന്നാണ് പോലീസ് പറയുന്നത്. മുഖം മൂടി ധരിച്ച് ആയുധങ്ങളുമായി ഒരു വാനിൽ അക്രമി സംഘം ഇവിടെ എത്തുകയായിരുന്നു. തുടർന്ന് ഇവിടെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ജീവനക്കാരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി. ശേഷം ഇവിടെ നിന്നും പണവുമായി സംഘം കടന്ന് കളയുകയായിരുന്നു.
അക്രമികളിൽ നിന്നും രക്ഷപ്പെട്ടയുടൻ സുരക്ഷാ ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

