കിൽഡെയർ: കിൽഡെയർ കൗണ്ടിയെ നടുക്കി വാഹനാപകടം. ജംഗ്ഷൻ 3 ലെ എം9 നോർത്ത്ബൗണ്ടിൽ ഉണ്ടായ അപകടത്തിൽ രണ്ടിൽ കൂടുതൽ പേർക്ക് ജീവൻ നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടാമത്തെ കാറിലുണ്ടായിരുന്ന 30 വയസ്സ് പ്രായമുള്ള വനിതാ ഡ്രൈവറെയും മുൻവശത്തെ യാത്രക്കാരിയെയും സംഭവ സ്ഥലത്ത് നിന്നും താല യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്.
20 വയസ്സുള്ള യുവതിയെ സെന്റ് ലൂക്ക്സ് ജനറൽ ആശുപത്രിയിലും ഒരു കുട്ടിയെ ക്രംലിനിലെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിലേക്കും കൊണ്ടുപോയി. ഇവരുടെ നിലയും ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ദൃക്സാക്ഷികൾ വിവരം കൈമാറണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

