ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നഷ്ടമായ തത്തയെ തേടിയെത്തി ഉടമ. ചൊവ്വാഴ്ച വൈകീട്ട് വിമാനത്താവളം ജീവനക്കാർ ട്രോയ് എന്ന പേര് നൽകിയിരിക്കുന്ന തത്തയെ ഉടമയ്ക്ക് കൈമാറി. വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ഏരിയയിലാണ് രണ്ട് വയസ്സുള്ള അലക്സാണ്ട്രിൻ തത്തയായ ലോലയെ ഉടമ ഗിയോർഗെ സാവയ്ക്ക് നഷ്ടമായത്. ഇത് വലിയ വാർത്ത ആയിരുന്നു.
ഈസ്റ്റർ ദിനത്തിൽ ആയിരുന്നു ലോലയെ കാർ പാർക്കിംഗ് ഏരിയയിൽ നിന്നും ജീവനക്കാർ കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷം നായ ജിമ്മിയുമായി ജീവനക്കാർ പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെയാണ് ടെർമിനൽ 1 ന് പുറത്തുള്ള ബിന്നുകളിൽ ഒന്നിൽ തത്ത ഇരിക്കുന്നതായുള്ള വിവരം ലഭിച്ചത്. തുടർന്ന് ഇവർ തത്തയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു. ലോലയുടെ വാർത്ത വന്നതോടെയാണ് ഗിയോർഗെ സാവ തേടിയെത്തിയത്.

