ഡബ്ലിൻ: അയർലന്റിൽ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുന്നു. ഇന്ന് രാവിലെവരെയുള്ള കണക്കുകൾ പ്രകാരം വിവിധ ആശുപത്രികളിലായി 400 രോഗികളാണ് കിടക്കകൾ ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അയർലന്റ് നഴ്സസ് ആന്റ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തുവിട്ടത്.
തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ എമർജൻസി ഡിപ്പാർട്ട്മെന്റിൽ ചികിത്സയിലുള്ള 277 രോഗികൾക്കാണ് കിടക്ക ലഭിക്കാനുള്ളത്. 119 പേർ വാർഡുകളിലും ചികിത്സയിലുണ്ട്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ഇവിടെയാണ് ഏറ്റവും കൂടുതൽ രോഗികൾ കിടക്ക ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.
ലിമെറിക് ആശുപത്രിയിൽ 84 പേർക്കാണ് കിടക്കകൾ ആവശ്യമുള്ളത്. ഇതിൽ 36 പേർ എമർജൻസി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നുണ്ട്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 36 രോഗികൾക്ക് കിടക്കൾ ആവശ്യമാണ്. മയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 23 രോഗികളാണ് കിടക്കകൾ ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.

