ഡബ്ലിൻ: അയർലൻഡിനെ അത്രയേറെ സ്നേഹിക്കുന്നത് കൊണ്ടാണ് പ്രസിഡന്റ് ആകണമെന്ന് താൻ ആഗ്രഹിക്കുന്നതെന്ന് ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് കൗണ്ടി മൊനാഗനിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹംഫ്രീസ്. താൻ അയർലൻഡിലെ ജനങ്ങളെ വിശ്വസിക്കുന്നുവെന്നും അവർ പറഞ്ഞു.
‘എനിക്ക് പ്രസിഡന്റ് ആകണം. കാരണം ഞാൻ ഈ രാജ്യത്തെ അത്രയേറെ സ്നേഹിക്കുന്നു. ഇവിടുത്തെ ജനങ്ങളിൽ വിശ്വസിക്കുന്നു. നമ്മുടെ സമൂഹത്തിലും കരുത്തിലും അവസരങ്ങളിലും എനിക്ക് വിശ്വാസമുണ്ട്. ആളുകളെ കേൾക്കാനും, അവരുടെ പ്രശ്നങ്ങൾ മനസിലാക്കാനും പരിഹരിക്കാനും പ്രസിഡന്റ് സ്ഥാനം ഉപയോഗിക്കണമെന്നാണ് എനിക്ക് ആഗ്രഹം’ – ഹെതർ ഹംഫ്രീസ് വ്യക്തമാക്കി.
ഇന്നലെയായിരുന്നു മൊനാഗനിലെ പീസ് കോളേജിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് പരിപാടിയിൽ പങ്കെടുത്തു.

