ഡൺമറി: സൗത്ത് ബെൽഫാസ്റ്റിലെ ഡൺമറിയിൽ പോലീസ് സ്റ്റേഷന് മുൻപിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 66 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. തീവ്രവാദ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ശനിയാഴ്ച രാത്രി ആയിരുന്നു സ്റ്റേഷന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറിൽ സ്ഫോടനം ഉണ്ടായത്.
വിമത റിപ്പബ്ലിക്കൻ ഗ്രൂപ്പായ ന്യൂ ഐആർഎയിലെ അംഗമാണ് അറസ്റ്റിലായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്. അടുത്തിടെ കൗണ്ടി അർമാഗിൽ ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വവും സംഘടന ഏറ്റെടുത്തിരുന്നു. മോഷ്ടിച്ച കാറിൽ ഗ്യാസ് സിലിണ്ടർ വച്ചാണ് സ്ഫോടനം സൃഷ്ടിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

