ഡബ്ലിൻ: അയർലൻഡിൽ തണുപ്പ് കാലം വന്നെത്തിയിരിക്കുകയാണ്. ആരോഗ്യകാര്യത്തിൽ വളരെയേറെ ശ്രദ്ധ ആവശ്യമായിട്ടുള്ള സമയമാണ് തണുപ്പ് കാലം. ഇതേ പോലെ തന്നെ വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്പോഴും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ് മെറ്റ് ഐറാനും ഗതാഗത വകുപ്പും.
ശൈത്യകാലത്ത് റോഡ് നിയമം അവഗണിക്കുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് മെറ്റ് ഐറാന്റെയും ഗതാഗതവകുപ്പിന്റെയും ഓർമ്മപ്പെടുത്തൽ. അശ്രദ്ധമായി വാഹനം ഡി ഫ്രോസ്റ്റ് ചെയ്യുന്നത് 2000 യൂറോവരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു.
1963 ലെ റോഡ് ട്രാഫിക്ക് നിയമത്തിലെ 87ാം ചട്ടപ്രകാരം വാഹനം പൊതുനിരത്തിൽ നിർത്തിയിടുന്നത് കുറ്റകരമാണ്. വിന്റർ കാലത്ത് കാറ് ചൂടാകാനായി പലരും എൻജിൻ ഓൺ ആക്കി നിർത്തിയിടാറുണ്ട്. അതിനാലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.

