ഡബ്ലിൻ: പിടിച്ചെടുത്ത സ്ക്രാംബ്ലർ ബൈക്കുകൾ വിട്ടുകിട്ടാൻ ഇനി ഉടമകൾക്ക് നൽകേണ്ടിവരിക വലിയ വില. തുക ഇരട്ടിയാക്കാൻ ഗാർഡ തീരുമാനിച്ചു. സ്ക്രാംബ്ലർ ബൈക്കുകൾ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് പിഴ തുക ഇരട്ടിയാക്കാനുള്ള തീരുമാനം.
ഗാർഡയുടെ നിർദ്ദേശത്തിൽ റോഡ് ഗതാഗത സഹമന്ത്രി സീൻ കാനി ഒപ്പുവയ്ക്കുകയായിരുന്നു. ഓഗസ്റ്റ് 14 മുതൽ ഈ തീരുമാനം നിലവിൽവരും. 3,500 കിലോഗ്രാമിൽ താഴെയും അതിൽ കൂടുതലും ഭാരമുള്ള വാഹനങ്ങൾക്കുള്ള ഫീസ് നിയന്ത്രിക്കുന്ന നിയമനിർമ്മാണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ തീരുമാനം. 3,500 കിലോയിൽ താഴെയുള്ള സ്ക്രാംബ്ലർ ബൈക്ക് പിടിച്ചെടുത്ത ആദ്യ ദിനം തന്നെ തിരികെ ലഭിക്കാൻ ഇനി 250 യൂറോ നൽകണം. നേരത്തെ ഇത് 125 യൂറോ ആയിരുന്നു. ഓരോ അധിക ദിവസത്തിനും 70 യൂറോ വീതം അധികമായി നൽകുകയും വേണം.
3500 കിലോയിൽ കൂടുതൽ ഭാരമുള്ള മറ്റ് വാഹനങ്ങൾ ആദ്യം ദിനം തിരികെ എടുക്കാൻ 500 യൂറോ നൽകണം. ഇത് നേരത്തെ 250 യൂറോ ആയിരുന്നു. തുടർന്നുള്ള അധിക ദിവസങ്ങളിൽ 100 യൂറോ വീതം നൽകണം.

