കോര്‍ക്ക് : നഗരത്തില്‍ സ്ഥാപിച്ച ദേശീയ പതാകകള്‍ നീക്കുന്ന കോര്‍ക്ക് സിറ്റി കൗണ്‍സിലിന്റെ തീരുമാനത്തിനെതിരെ ഫാര്‍ റൈറ്റ് ഗ്രൂപ്പുകളുടെ പ്രതിഷേധം. കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകള്‍ സ്ഥാപിച്ച പതാകകളാണ് നീക്കം ചെയ്യുന്നത് . കഴിഞ്ഞ രണ്ട് ദിവസമായി കൗണ്‍സില്‍ പതാകകള്‍ നീക്കം ചെയ്തു വരികയാണ്. ഇതിനെതിരെയാണ് ഫാര്‍ റൈറ്റ് ഗ്രൂപ്പുകള്‍ രംഗത്തുവന്നത്.മുന്‍കൂട്ടി പ്രഖ്യാപിച്ച പ്രതിഷേധം പരിഗണിച്ച് വന്‍ ഗാര്‍ഡ സന്നാഹത്തെ വിന്യസിച്ചിരുന്നു.
കറുത്ത മുഖം മൂടി ധരിച്ച് , ഐറിഷ് ത്രിവര്‍ണ്ണ പതാക വീശിയായിരുന്നു പ്രതിഷേധം.കോര്‍ക്ക് സിറ്റി സെന്ററിലെ ഗ്രാന്‍ഡ് പരേഡിലാണ് 250 ലേറെ പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. ആഴ്ചതോറുമുള്ള പലസ്തീന് അനുകൂല മാര്‍ച്ചും ഇതേസമയമുണ്ടായിരുന്നു.ആയിരത്തോളം പേര് പങ്കെടുക്കുന്ന ഈ പതിവ് പ്രകടനം കൂടി ഒത്തു വന്നപ്പോള്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ ഗാര്‍ഡ ഏറെ പ്രയാസപ്പെട്ടു. കോര്ഡോണുകളും സ്ഥാപിച്ചിരുന്നു.
പാലസ്തീന് അനുകൂലികള്‍ ഗ്രാന്‍ഡ് പരേഡിലേക്കാണ് മാര്‍ച്ച് ചെയ്തത്. ഫാര്‍ റൈറ്റ് ഗ്രൂപ്പുകള്‍ സൗത്ത് മാളില്‍ നിന്ന് സിറ്റി ഹാളിലെ വേദിയിലേക്കും നീങ്ങി.നാഷണല്‍ പാര്‍ട്ടി നേതാവ് ജസ്റ്റിന് ബാരറ്റാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.
അടുത്തിടെ കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകള്‍ രാജ്യത്തുടനീളമുള്ള പൊതു ഇടങ്ങളില്‍ ത്രിവര്‍ണ്ണ പതാക സ്ഥാപിച്ചിരുന്നു. എന്നാൽ പൊതു അടിസ്ഥാന സൗകര്യങ്ങളില്‍ പതാകകളും ബാനറുകളും അനുവദിക്കില്ലെന്ന് കോര്‍ക്ക് സിറ്റി കൗണ്‍സില്‍ പറഞ്ഞു.ദേശീയ പതാക എങ്ങനെ ആദരവോടെ പ്രദര്ശിപ്പിക്കണമെന്നതിന് വളരെ വ്യക്തമായ നിയമങ്ങളുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

