ഡബ്ലിൻ: അയർലൻഡിൽ കോളേജ് ഫീസുകൾ കുറയ്ക്കില്ല. കോളേജ് ഫീസുകൾ കുറയ്ക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഇതുൾപ്പെടെ നേരത്തെയെടുത്തിരുന്ന പല തീരുമാനങ്ങളും ഉപേക്ഷിക്കേണ്ടിവന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
എല്ലാ വർഷവും കോളേജ് ഫീസ് വെട്ടിക്കുറയ്ക്കുമെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ പ്രഖ്യാപനം. കഴിഞ്ഞ വർഷം ഫീസിൽ 500 യൂറോയുടെ കുറവ് വരുത്തിയിരുന്നു. കോൺട്രിബ്യൂഷൻ ഫീസ് 2,500 യൂറോയിൽ നിന്നും 500 യൂറോ ആക്കി കുറയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഇതുൾപ്പെടെയുള്ള തീരുമാനത്തിൽ നിന്നും പിന്മാറുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്. അമിത ചിലവ് നിയന്ത്രിക്കാൻ വകുപ്പിലെ ഓരോ ഡിപ്പാർട്ട്മെന്റിനും നികുതി ചുമത്താനുള്ള തീരുമാനത്തെ തുടർന്നാണ് ഫീസ് ഇളവ് നൽകാനുള്ള നീക്കത്തിൽ നിന്നും പിൻമാറിയത് എന്നാണ് റിപ്പോർട്ടുകൾ.

