ഡബ്ലിൻ: കൗമാരക്കാരായ കുട്ടികൾ ദീർഘനേരം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. എക്കണോമിക് ആന്റ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിഹേവിയറൽ സർച്ച് യൂണിറ്റ് നടത്തിയ പഠനത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ സുരക്ഷിതമായ ഉപയോഗത്തിന് കുട്ടികളെ വഴികാട്ടാൻ രക്ഷിതാക്കൾക്ക് കൂടുതൽ പിന്തുണ ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കുട്ടികൾക്കിടയിലെ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ സ്വാധീനം രക്ഷിതാക്കൾക്ക് വലിയ വെല്ലുവിളിയാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ കുട്ടികളെ വിദ്യാഭ്യാസത്തിനും സാമൂഹിക ബന്ധങ്ങൾ രൂപപ്പെടുത്താനും സഹായിക്കുന്നുണ്ട്. എന്നാൽ അതേസമയം കുട്ടികളെ ദോഷകരമായും ബാധിക്കുന്നുണ്ട്. ഇത് മറികടക്കുന്നതിന് കുട്ടികൾക്ക് മാർഗ്ഗദർശനമേകാൻ രക്ഷിതാക്കൾക്ക് വലിയ പിന്തുണ നൽകേണ്ടതായുണ്ട്. ഇതിന് പുറമേ കുട്ടികളുടെ ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗം സുരക്ഷിതമാക്കാൻ നയങ്ങൾ കൊണ്ടുവരണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.