ഡബ്ലിൻ: ഡബ്ലിൻ സെൻട്രൽ മണ്ഡലത്തിൽ ജനവിധി തേടാൻ ഒരുങ്ങി ക്രിമിനൽ മാഫിയാ തലവനായ ജെറി ദി മങ്ക് ഹച്ച്. ധനമന്ത്രി പാസ്കൽ ഡൊണഹോ ടിഡി സ്ഥാനം ഉൾപ്പെടെ രാജിവച്ചതിന് പിന്നാലെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലും ഹച്ച് മത്സരിച്ചിരുന്നു.
ലോക ബാങ്കിൽ ഉന്നത പദവി ലഭിച്ചതിന് പിന്നാലെയാണ് ഡൊണഹോ സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിന്നത്. ധനമന്ത്രി സ്ഥാനം രാജിവച്ച അദ്ദേഹം ദിവസങ്ങൾക്കുള്ളിൽ തന്നെ ടിഡി സ്ഥാനവും ഒഴിയുകയായിരുന്നു.
പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച ഹച്ച് 3,100 ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ നേടിയിരുന്നു. ഇത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ഹച്ച് വിജയിച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. അയർലൻഡിലെ പല വമ്പൻ കൊള്ളകൾക്കും പിന്നിൽ ഹച്ചാണെന്നാണ് പറയപ്പെടുന്നത്.

