വയനാട് ; മേപ്പാടിക്കടുത്തുള്ള അനക്കാംപൊയിൽ–കല്ലടി–മേപ്പാടി ഇരട്ട-തുരങ്ക റോഡ് നിർമ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. മന്ത്രിമാരായ അനിൽ കുമാർ, ടി സിദ്ധിഖ് എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. ആറ് പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മന്ത്രി ടി സിദ്ദിഖ് നിർദ്ദേശം നൽകി.”ആരെങ്കിലും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണെങ്കിൽ, അവരെ കണ്ടെത്തി രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക മുൻഗണന. മറ്റ് കാര്യങ്ങൾ പിന്നീട് അറിയിക്കും,” മന്ത്രി അനിൽ കുമാർ പറഞ്ഞു.
‘ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതിയെ തുടർന്നാണ് തുരങ്കത്തിന്റെ നിർമ്മാണം ആരംഭിച്ചത്. നിർമ്മാണ ഏജൻസിയായ കൊങ്കൺ റെയിൽവേയാണ് പൂർണ്ണ എഞ്ചിനീയറിംഗ് ഉത്തരവാദിത്തം വഹിക്കുന്നത്, കേരള പൊതുമരാമത്ത് വകുപ്പിന് സൈറ്റിന്റെ നിയന്ത്രണമോ മേൽനോട്ടമോ ഇല്ല. മുൻ സർക്കാരിന്റെ കാലത്താണ് നിലവിലെ കരാർ അന്തിമമാക്കിയതെന്നും ‘ മന്ത്രി വ്യക്തമാക്കി.
ജൂൺ 12 ന് നടന്ന ഓൺലൈൻ മീറ്റിംഗിൽ പദ്ധതിയുടെ സുരക്ഷയും പ്രവർത്തനങ്ങളും അവലോകനം ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ പറഞ്ഞു. മീറ്റിംഗിന് പിന്നാലെ , അഡീഷണൽ സെക്രട്ടറിമാരായ ആതിര ഐഎഎസ്, വിനോദ് ഐഎഎസ്, ചീഫ് എഞ്ചിനീയർമാർ എന്നിവരടങ്ങുന്ന ഉന്നതതല പരിശോധനാ സംഘം സ്ഥലം സന്ദർശിച്ചു. സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മൺ കൂമ്പാരങ്ങൾ എത്രയും വേഗം മാറ്റണമെന്നും സംഘം കൊങ്കൺ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും പ്രാവർത്തികമായില്ലെന്നാണ് വിവരം.

