ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിന്റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ചുമതല സ്വകാര്യ സെക്യൂരിറ്റി ഏജൻസികൾക്ക് നൽകാനുള്ള തീരുമാനത്തിൽ ഡബ്ലിൻ സിറ്റി കൗൺസിലർമാർ രണ്ട് തട്ടിൽ. തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. നിരവധി കൗൺസിലർമാർ പദ്ധതിയിൽ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ഡബ്ലിൻ സിറ്റി സെന്ററിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്വകാര്യ ഏജൻസിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ പ്രതിനിധികളും ഡബ്ലിൻ നഗരത്തിന്റെ നവീകരണത്തിന് ഉത്തരവാദികളായ ഡബ്ലിൻ സിറ്റി ഡെവലപ്മെന്റ് കമ്പനിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിലാണ് തീരുമാനം ഉയർന്നുവന്നത്.

