ഡബ്ലിൻ: പുതുവർഷത്തിലും തിരക്കൊഴിയാതെ അയർലൻഡിലെ ആശുപത്രികൾ. നിരവധി രോഗികളാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ബുദ്ധിമുട്ടുകൾ നേരിടുന്നത്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ പുറത്തുവിട്ടിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 565 പേർ കിടക്കകൾക്കായി കാത്തിരിക്കുന്നു. ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകുന്നുണ്ട്. ഇവരിൽ 380 രോഗികൾ അത്യാഹിത വിഭാഗങ്ങളിലും 185 പേർ മറ്റ് വാർഡുകളിലും ചികിത്സയിൽ കഴിയുന്നു. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് കിടക്കകൾക്കായി കൂടുതൽ രോഗികൾ കാത്തിരിക്കുന്നത്. 74 പേർ. ഇതിൽ 55 പേർ അത്യാഹിത വിഭാഗത്തിലും 19 പേർ മറ്റ് വാർഡുകളിലുമാണ് ഉള്ളത്.

