പല്ല് തേയ്ക്കുന്നത് എല്ലാ ദിവസവും ചെയ്യുന്ന ദിനചര്യകളിൽ ഒന്നാണ്. ചിലർ രാവിലെ പല്ല് തേച്ചാൽ മതിയെന്നും രാത്രിയിൽ വീണ്ടും ബ്രഷ് ചെയ്യേണ്ട ആവശ്യമില്ലെന്നും കരുതുന്നു. പക്ഷേ അടുത്തിടെ നടന്ന ജാപ്പനീസ് പഠനം പറയുന്നത് രാത്രിയിൽ പല്ല് തേക്കാതിരിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകുന്നുവെന്നാണ് .
പഠനത്തിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച 1,500-ലധികം രോഗികളെ പരിശോധിച്ചു. പഠനമനുസരിച്ച്, രാവിലെയും രാത്രിയും പല്ല് തേക്കുന്നവരെ അപേക്ഷിച്ച് രാവിലെ മാത്രം പല്ല് തേക്കുന്നവർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൂടുതലാണ്. രാവിലെ മാത്രം പല്ല് തേക്കുന്ന ശീലം മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നുവെന്നാണ് ഇതിന് അർത്ഥം.
ദീർഘനാൾ ഇത്തരത്തിൽ രാത്രികാലങ്ങളിൽ ബ്രഷ് ചെയ്യാതിരിക്കുമ്പോൾ ഇത് ദോഷകരമായ ബാക്ടീരിയകൾ വളരാൻ ഇടയാക്കുന്നു . ഇത് കാലക്രമേണ ഹൃദയം ഉൾപ്പെടെ ശരീരത്തിലുടനീളം ബാധിക്കും . ശുചിത്വം മോശമായ ആളുകളുടെ രക്തത്തിൽ ബാക്ടീരിയകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ തരത്തിലുള്ള ബാക്ടീരിയകൾ ഗുരുതരമായ ഹൃദയ സംബന്ധമായ തകരാറുകൾക്ക് കാരണമാകും .
രാത്രിയിൽ പല്ല് തേയ്ക്കേണ്ടത് അത്യാവശ്യമാണ്. രാത്രിയിൽ പല്ല് തേക്കാതെ ഉറങ്ങാൻ പോയാൽ, ഭക്ഷണകണങ്ങൾ, പഞ്ചസാര, ബാക്ടീരിയകൾ എന്നിവ 7-8 മണിക്കൂർ അവിടെ തന്നെ തുടരും. ഇത് മോണയിലെ അണുബാധയ്ക്കോ ദന്ത പ്രശ്നങ്ങൾ വഷളാകുന്നതിനോ ഇടയാക്കും.

