നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മരണം മലയാളികൾക്ക് വലിയ വേദനയാണുണ്ടാക്കിയത്. സിനിമാ രംഗത്തെ നിരവധി പേർ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിക്കാനെത്തി. തമിഴ് സിനിമാ താരങ്ങളായ സൂര്യ, പാർത്ഥിപൻ തുടങ്ങിയവരുൾപ്പെടെ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിക്കാൻ എത്തി. എന്നാൽ ശ്രീനിവാസന്റെ നിരവധി സിനിമകളിൽ അഭിനയിച്ച, വർഷങ്ങളായി അടുത്തറിയാവുന്ന നടൻ ജയറാം എത്തിയില്ല. ഷൂട്ടിംഗ് തിരക്കുകളാണ് ജയറാം കാരണമായി പറഞ്ഞത്.
ഇതിന്റെ പേരിൽ ജയറാമിന് വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു . ഇതേക്കുറിച്ച് സംസാരിക്കുകയാണ് ജയറാമിന്റെ മകൻ കാളിദാസ് ജയറാം. സിനിമാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ‘ ഞാൻ പറയുന്നത് ശരിയാണോ തെറ്റാണോ എന്നറിയില്ല. അവർക്കിടയിലുള്ള ബന്ധം അവർക്കേ അറിയൂ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരുപാട് വിദ്വേഷം പ്രചരിക്കുന്നു. അവർ തമ്മിലുള്ള ബന്ധം മറ്റൊരാൾക്കും വിശദീകരിച്ച് കൊടുക്കേണ്ടതില്ലെന്നും ‘ കാളിദാസ് ജയറാം പറഞ്ഞു.
കരിയറിലെ തന്റെ സുവർണകാലത്തെക്കുറിച്ച് ജയറാമും അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. പത്മരാജൻ സാറെന്ന വലിയ സംവിധായകൻ എന്നെ സിനിമാ രംഗത്തേക്ക് കൊണ്ട് വന്നതിനാൽ പിന്നീട് എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.മമ്മൂട്ടി, മോഹൻലാൽ എന്നീ രണ്ട് പ്രതിഭകൾ വട വൃക്ഷമായി നിൽക്കുമ്പോൾ അതിനിടയിൽ തമാശയുള്ള ചെറിയ കുടുംബ സിനിമകൾ ഞാനും ചെയ്തു. കൂടുതൽ സിനിമകളും എനിക്ക് തന്നത് സത്യൻ അന്തിക്കാടും പ്രഗൽഭ എഴുത്തുകാരനായ ശ്രീനിവാസനുമാണ്. ഇത്രയും വർഷങ്ങൾക്കിപ്പുറവും ആ സിനിമകൾ ഓർക്കപ്പെടുന്നെന്നും ജയറാം പറഞ്ഞു.

