‘ നാനും റൗഡി താൻ ‘ സിനിമയിലെ ദൃശ്യങ്ങൾ നയൻ താരയുടെ ഡോക്യുമെൻ്ററിയിൽ നീക്കം ചെയ്യണമെന്ന തീരുമാനത്തിൽ ഉറച്ച് ധനുഷ് . ദിവസങ്ങളുടെ മൗനത്തിന് ശേഷമാണ് നയൻതാരയ്ക്ക് ധനുഷിന്റെ മറുപടി. അഭിഭാഷകൻ മുഖനേയാണ് ധനുഷ് രംഗത്തെത്തിയിരിക്കുന്നത്. ഉള്ളടക്കം 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്തില്ലെങ്കിൽ നയൻ താരയ്ക്കും , നെറ്റ് ഫ്ലിക്സിനുമെതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിൻ്റെ അഭിഭാഷകൻ പ്രസ്താവനയിൽ പറയുന്നു.
ഫോണുകളിൽ ചിത്രീകരിച്ച ലൊക്കേഷനിലെ ദൃശ്യങ്ങളാണെന്ന നയൻതാരയുടെ വാദം അടിസ്ഥാന രഹിതമാണെന്നാണ് ധനുഷിൻ്റെ അഭിഭാഷകൻ പറയുന്നത് . സിനിമ ലൊക്കേഷനിലെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ധനുഷ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. വിവാദത്തിനടിസ്ഥാനമായ സിനിമയുടെ നിർമ്മാതാവ് ധനുഷാണ്. അതിന്റെ ഉടമസ്ഥാവകാശവും ധനുഷിനാണ്. അതിനാൽ നയൻതാര പറയുന്നത് അടിസ്ഥാന രഹിതമാണെന്നും അഭിഭാഷകൻ പറഞ്ഞു.
നാനും റൗഡി താൻ എന്ന സിനിമയിൽ വെച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലായത്. പിന്നാലെ ചില അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഡോക്യുമെൻററി പുറത്തിറക്കിയെങ്കിലും ധനുഷ് മൂന്നു സെക്കൻറ് ദൃശ്യങ്ങൾക്ക് പത്തു കോടി രൂപ നഷ്ടപരിഹാരം ചോദിച്ചുവെന്നാണ് നയൻതാര ആരോപിക്കുന്നത്. ഡോക്യുമെന്ററിയിൽ ധനുഷ് നിർമിച്ച ചിത്രത്തിലെ മൂന്ന് സെക്കൻഡ് മാത്രമുള്ള ദൃശ്യങ്ങൾ ഉപയോഗിക്കാൻ അനുവാദം ചോദിച്ചപ്പോൾ ധനുഷ് അത് നിഷേധിച്ചു.
പിന്നാലെ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിൽ അതിരൂക്ഷ വിമർശനമാണ് നടി ധനുഷിനെതിരെ ഉയർത്തിയത്. പത്ത് വർഷത്തോളമായി ഒരാൾ കൊണ്ടു നടക്കുന്ന പകയുടെ ബാക്കിയാണിത്. എത്രകാലം ഈ നല്ലവന്റെ മുഖമൂടിയണിഞ്ഞ് നിങ്ങൾക്ക് ലോകത്തിന്റെ മുന്നിൽ നിൽക്കാൻ സാധിക്കുമെനും നയൻതാര ചോദിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി താരങ്ങളാണ് നയനേയും ഭർത്താവ് വിഘ്നേഷ് ശിവനേയും പിന്തുണച്ച് എത്തിയത്.
വിവാദത്തിനിടെ വിവാഹ ഡോക്യുമെന്ററി സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സ് ആരംഭിച്ചു. നയൻതാരയുടെ ജന്മദിനമായ ഇന്നാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെൻററി സംവിധാനം ചെയ്തിരിക്കുന്നത്