അരിപ്പൊടിയും, ശർക്കരയും, പഴവും , തേങ്ങാക്കൊത്തുമൊക്കെ ചേർത്ത് നല്ല അസൽ വെളിച്ചെണ്ണയിൽ മൊരിച്ചെടുക്കുന്ന ഉണ്ണിയപ്പത്തിന്റെ സ്വാദ് ഒന്ന് വേറെ തന്നെ . അത് അറിയണമെങ്കിൽ കൊട്ടാരക്കരക്കാരോട് തന്നെ ചോദിക്കണം . ആ ഉണ്ണിയപ്പത്തിന്റെ കഥ കൊട്ടാരക്കരയുടെ കഥ കൂടിയാണ്. അതിൽ ആർ ബാലകൃഷ്ണപിള്ളയും, ഐഷാപോറ്റിയും, കെ എൻ ബാലഗോപാലുമൊക്കെ കഥാപാത്രങ്ങളുമാണ്. കേരള രാഷ്ട്രീയചരിത്രത്തിലും നിർണ്ണായകസ്ഥാനമുള്ള മണ്ഡലമാണ് കൊട്ടാരക്കര.
കൊട്ടാരക്കര താലൂക്കിലെ കൊട്ടാരക്കര ഗ്രാമപഞ്ചായത്ത്, എഴുകോൺ, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം.
1957 ൽ സി.പി.ഐയുടെ ഇ. ചന്ദ്രശേഖരൻ നായരാണ് കൊട്ടാരക്കരയെ ആദ്യമായി പ്രതിനിധീകരിച്ചത് .1960 ൽ പി.എസ്.പിയുടെ ഡി. ദാമോദരൻ പോറ്റിയാണ് വിജയിച്ചത്. 1965 ലാണ് കേരള കോൺഗ്രസിന്റെ ആർ. ബാലകൃഷ്ണപിള്ള കൊട്ടാരക്കരയെ ആദ്യമായി പ്രതിനിധീകരിക്കുന്നത് . എന്നാൽ 1967 ൽ സി.പി.ഐയുടെ ഇ. ചന്ദ്രശേഖരൻ നായർ ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തി. 1970 ൽ സി. അച്യുതമേനോനാണ് ഇവിടെ നിന്ന് ജയിച്ചത് . 1970 ൽ കോൺഗ്രസിന്റെ കൊട്ടറ ഗോപാലകൃഷ്ണനും ജയിച്ചു.
എന്നാൽ 1977 മുതൽ കൊട്ടാരക്കര കണ്ടത് ആർ ബാലകൃഷ്ണപിള്ളയുടെ ജൈത്രയാത്രയാണ് . 30 വർഷക്കാലം കൊട്ടാരക്കര ബാലകൃഷ്ണപിള്ളയുടെ കോട്ടയായി. ബാലകൃഷ്ണ പിള്ളയുടെ പതനം കണ്ട വർഷമായിരുന്നു 2006. കൊട്ടാരക്കരയുടെ രാഷ്ട്രീയ ചരിത്രം മാറ്റിമറിച്ച തിരഞ്ഞെടുപ്പായിരുന്നു അന്ന് നടന്നത്. സി.പി.എമ്മിന്റെ സ്ഥാനാർത്ഥിയായിരുന്ന പി. അയിഷ പോറ്റി, ബാലകൃഷ്ണ പിള്ളയെ 12,087 വോട്ടുകൾക്ക് പരാജയപ്പെടുത്തി. അന്ന് മുതൽ കൊട്ടാരക്കരയുടെ ചായ്വ് ഇടത്തോട്ട് തിരിഞ്ഞു.
2011ൽ മണ്ഡല പുനർനിർണ്ണയത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് നടന്നപ്പോൾ അയിഷ പോറ്റി തുടർച്ചയായ രണ്ടാം തവണയും വിജയം ആവർത്തിച്ചു. ബാലകൃഷ്ണ പിള്ളയുടെ മരുമകൻ ഡോ. എൻ.എൻ. മുരളിയെയാണ് അന്ന് അയിഷ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 20,592 ആയി ഉയരുകയും ചെയ്തു. 2016ൽ അയിഷ പോറ്റി ഹാട്രിക് തികച്ചു. കോൺഗ്രസിലെ സവിൻ സത്യനെ 42,632 വോട്ടുകൾക്ക് പരാജയപ്പെടുത്തി മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം അയിഷ സ്വന്തമാക്കി.
അയിഷ പോറ്റിയ്ക്ക് പകരക്കാരനായാണ് നിലവിലെ ധനമന്ത്രിയായ കെ എൻ ബാലഗോപാൽ 2021ൽ ഇടത് സ്ഥാനാർത്ഥിയായത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ.എൻ. ബാലഗോപാൽ കോൺഗ്രസിന്റെ യുവ സ്ഥാനാർത്ഥി ആർ. രശ്മിയെ 10,814 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും മണ്ഡലം നിലനിർത്തുകയും ചെയ്തു.
ഇത്തവണ ആകെ മാറിമറിഞ്ഞ സമവാക്യങ്ങളാണ് കൊട്ടാരക്കരയിൽ. കഴിഞ്ഞ തവണ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്നു ആർ രശ്മിയാണ് ഇത്തവണ എൻ ഡി എ സ്ഥാനാർത്ഥി. മുൻപ് എൽ ഡി ഫ് സ്ഥാനാർത്ഥിയായിരുന്ന ഐഷാപോറ്റിയാകട്ടെ ഇക്കുറി കോൺഗ്രസ് പാളയത്തിലാണ്. എൽ ഡി എഫ് സാരഥി ബാലഗോപാൽ തന്നെ . മൂന്ന് പാർട്ടികൾക്കും ഇത് അഭിമാനപോരാട്ടമാകുമ്പോൾ വോട്ടർമാർക്കും ആകാംക്ഷയേറുകയാണ്.
വ്യാപാരം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗതാഗതം എന്നിവയാണ് കൊട്ടാരക്കരക്കാരുടെ പ്രധാന പ്രശ്നങ്ങൾ. ബസ് സർവീസുകൾ, മാർക്കറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇവിടുത്തെ വോട്ടർമാർക്ക് ഏറെ പ്രാധാന്യമുള്ള പരിഗണന വേണ്ട വിഷയങ്ങളാണ്. കൊട്ടാരക്കരയിൽ സാമൂഹികമായി സമ്മിശ്ര ജനസംഖ്യയാണ് ഉള്ളത്.
പാർട്ടി കമ്മിറ്റികൾ , അയൽപക്ക ഗ്രൂപ്പുകൾ, സഹകരണ ബന്ധങ്ങൾ, അനൗപചാരിക വ്യാപാര ശൃംഖലകൾ എന്നിവയെല്ലാം രാഷ്ട്രീയസമവാക്യങ്ങളുടെ നിർണ്ണായക ഘടകങ്ങളുമാണ് . ഭരണപരമായ വിശ്വാസ്യതയ്ക്കും പ്രാദേശിക സാന്നിധ്യത്തിനും മുൻതൂക്കം നൽകുന്നവർ ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടറിയാം

