രാഷ്ട്രീയസമവാക്യങ്ങൾക്ക് മാത്രമല്ല ജാതീയ സമവാക്യങ്ങൾക്കും നിറമുള്ള മണ്ഡലമാണ് ഗുരുവായൂർ .തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒന്ന്.
ചാവക്കാട് താലൂക്കിലെ ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം , വടക്കേക്കാട് , ഏങ്ങണ്ടിയൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഗുരുവായുർ , ചാവക്കാട് മുനിസിപ്പാലറ്റികളും ഉൾപ്പെടുന്നതാണ് ഗുരുവായൂർ നിയമസഭാമണ്ഡലം. 1970 ൽ വി വടക്കനാണ് ഗുരുവായൂരിൽ നിന്ന് ജയിച്ച ജനപ്രതിനിധി . 1977 ലും, 1980 ലും മുസ്ലിം ലീഗിന്റെ ബി വി സീതി തങ്ങൾ വിജയമുറപ്പിച്ചു. 1982 , 87 കാലഘട്ടങ്ങളിൽ ലീഗിന്റെ തന്നെ പികെകെ ബാവയും, 1991 ൽ ലീഗിന്റെ പിഎം അബൂബക്കറും വിജയിച്ചു. 1996 ൽ സ്വതന്ത്രസ്ഥാനാർത്ഥി പി ടി കുഞ്ഞുമുഹമ്മദ് ജയിച്ചപ്പോൾ 2001 ൽ ലീഗിന്റെ പികെകെ ബാവയും ജേതാവായി.
2006 മുതൽ 2016 വരെ സിപിഎമ്മിന്റെ കെ.വി. അബ്ദുൾ ഖാദറാണ് ഗുരുവായൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2021-ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എൻ. കെ. അക്ബർ 77,072 വോട്ടുകൾ നേടി വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുസ്ലിം ലീഗിലെ അഡ്വ. കെ. എൻ. എ. ഖാദർ 58,804 വോട്ടുകൾ നേടി രണ്ടാമതെത്തി. 18,268 വോട്ടുകളുടെ ഭൂരിപക്ഷമാണ് അക്ബറിന് ലഭിച്ചത്.
ഇത്തവണയും എൽ ഡിഎഫ് സ്ഥാനാർത്ഥിയായി എൻ കെ അക്ബറും , യുഡിഎഫ് സ്ഥാനാർത്ഥിയായി സി എച്ച് റഷീദും , എൻ ഡി എ സ്ഥാനാർത്ഥിയായി ബി ഗോപാലകൃഷ്ണനും രംഗത്തുണ്ട്.
സ്ഥാനാർത്ഥികളുടെ മികവും സാമുദായിക സമവാക്യങ്ങളും ഗുരുവായൂരിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാറുണ്ട്. അടിസ്ഥാന സൗകര്യ വികസനം, നഗര നവീകരണം, തീർത്ഥാടന ടൂറിസം മേഖലയുടെ ശാസ്ത്രീയമായ പരിപാലനം, തീരദേശ സംരക്ഷണം എന്നിവയാണ് മണ്ഡലത്തിലെ പ്രധാന വികസന ആവശ്യങ്ങൾ. വികസനങ്ങൾ നടത്തി , ഏത് ആവശ്യത്തിനും ഒപ്പമുണ്ടെന്ന് തെളിയിച്ചാൽ ഗുരുവായൂർ ഇങ്ങ് പോരും , അത് അറിയാവുന്നവരാണ് ഇവിടെ വിജയം കൊയ്യുന്നതും

