കേരളത്തിലെ നിയമസഭാമണ്ഡലങ്ങളിൽ 45ാം നമ്പർ മണ്ഡലമാണ് മലപ്പുറം ജില്ലയിലെ തിരൂർ. യുഡിഎഫിന് തങ്ങളുടെ കോട്ടയെന്ന് അവകാശപ്പെടാൻ കഴിയുന്ന മണ്ഡലം. ചരിത്രത്തിലിതുവരെ ഒരു തവണ മാത്രമാണ് ഇടത് സ്ഥാനാർത്ഥിയ്ക്ക് ഇവിടെ വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.
കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ സാംസ്കാരിക പ്രധാന്യമുള്ള മണ്ഡലമാണ് തിരൂർ. 1951 ലാണ് തിരൂർ നിയമസഭാമണ്ഡലം രൂപം കൊണ്ടത്. തിരൂർ നഗരസഭയും തിരൂർ താലൂക്കിലെ ആതവനാട്, കല്പകഞ്ചേരി, തലക്കാട്, തിരുനാവായ, വളവന്നൂർ, വെട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് തിരൂർ നിയമസഭാമണ്ഡലം. 2016 ലെ കണക്കുകൾ പ്രകാരം 2,05,287 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. പൊന്നാനി ലോക്സഭാമണ്ഡലത്തിന്റെ ഭാഗമാണ് തിരൂർ.
1957 മുതലാണ് തിരൂർ നിയമസഭാമണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ നേതാവ് കെ. മൊയ്തീൻകുട്ടി ഹാജി വിജയിച്ചു. പിന്നീട് 1970 വരെ അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു.
1970 ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ലീഗ് സ്ഥാനാർത്ഥി കെ.എം കുട്ടി മണ്ഡലത്തിൽ നിന്നും വിജയിച്ചു. 1977വരെ അദ്ദേഹം ആയിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. പിന്നീട് 1977 ലെ തിരഞ്ഞെടുപ്പിൽ ലീഗിന്റെ പി.ടി കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞൂട്ടി ഹാജി മണ്ഡലത്തിൽ വിജയിച്ചു. 1980 ലും 82 ലും അദ്ദേഹം വിജയം ആവർത്തിച്ചു. 1987 ൽ ഇവിടെ നിന്നും കെ. മൊയ്തീൻകുട്ടി ഹാജി വിജയിച്ചു. 1991 മുതൽ 2001 വരെ യുഡിഎഫിന്റെ ഇ.ടി മുഹമ്മദ് ബഷീർ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
തങ്ങളല്ലാതെ തിരൂരിൽ മറ്റാരെന്ന് നിനച്ചിരിക്കെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി പി.പി അബ്ദുള്ളക്കുട്ടിയുടെ വരവ്. ചരിത്രത്തിൽ ആദ്യമായി മണ്ഡലം ഇടത് സ്ഥാനാർത്ഥിയ്ക്ക് അവസരം നൽകി. കേരളത്തെ തന്നെ ഞെട്ടിച്ച വിജയം ആയിരുന്നു അത്. എന്നാൽ 2011 ൽ തിരഞ്ഞെടുപ്പ് വിധി വീണ്ടും യുഡിഎഫിനെ തുണച്ചു. ലീഗിന്റെ സി. മമ്മൂട്ടി മണ്ഡലത്തിൽ വിജയിച്ചു. 2016 ലും അദ്ദേഹം തന്നെയായിരുന്നു മണ്ഡലം എംഎൽഎ. 2021 ലെ തിരഞ്ഞെടുപ്പിൽ ലീഗിന്റെ കറുക്കോളീ മൊയ്ദീൻ വിജയിച്ചു.
ഇക്കുറിയും മണ്ഡലത്തിൽ നിന്നും കറുക്കോളീ മൊയ്ദീൻ ജനവിധി തേടുന്നുണ്ട്. രണ്ടാം അങ്കത്തിനിറങ്ങുമ്പോൾ വിജയം തന്നെ അദ്ദേഹം മുന്നിൽ കാണുന്നു. എന്നാൽ എൽഡിഎഫ് തിരൂരിൽ ഇക്കുറി ഒരു കരുത്തനെയാണ് ഇറക്കിയിരിക്കുന്നത്. വി. അബ്ദുറഹിമാൻ ആണ് തിരൂരിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി. വി. അബ്ദുറഹ്മാനിലൂടെ മണ്ഡലം അതിന്റെ ചരിത്രം ഒരിക്കൽ കൂടി തിരുത്തിയെഴുതുമെന്ന് ഇടത്പക്ഷം വിശ്വസിക്കുന്നു. കെ. നാരായണൻ മാസ്റ്ററാണ് മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന ബിജെപി സ്ഥാനാർത്ഥി.

