കോട്ടയം ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായിരുന്നു ഒരു കാലത്ത് ചങ്ങനാശ്ശേരി . ഹൈറേഞ്ചുകാരെയും കുട്ടനാട്ടുകാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴി എന്ന് തന്നെ പറയാം ചങ്ങനാശ്ശേരിയെ . തൊഴിലാളിസംഘടനകൾ ഉള്ളതുകൊണ്ട് തന്നെ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും വളക്കൂറുള്ള മണ്ണായിരുന്നു ഇത്.
ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയേക്കൂടാതെ ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി എന്നീ പഞ്ചായത്തുകൾ ചേർന്നുള്ള നിയമസഭാമണ്ഡലമാണിത് .
1957 ൽ സി.പി.ഐയുടെ എ.എം. കല്ല്യാണകൃഷ്ണൻ നായരാണ് ചങ്ങനാശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചത് . 1960 ൽ എൻ ഭാസ്ക്കരൻ നായർ ,1965 ൽ കെ ജെ ചാക്കോ ,1967 ൽ കെ ജി നീലകണ്ഠൻ നമ്പൂതിരിപ്പാട് ,1970 , 1977 വർഷങ്ങളിൽ കെ ജെ ചാക്കോ എന്നിവരും ഇവിടെ നിന്ന് ജയിച്ചു കയറി . 1980 മുതൽ 2016 വരെ കേരള കോൺഗ്രസിന്റെ സി.എഫ്. തോമസിന്റെ തട്ടകമായിരുന്നു ഇത് . 2021 ൽ ജോബ് മൈക്കിളാണ് ചങ്ങനാശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചത് .
55,425 വോട്ടുകൾ നേടിയാണ് അന്ന് ജോബ് വിജയിച്ചത്. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച വി.ജെ. ലാലിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ലാലിക്ക് 49,366 വോട്ടുകൾ ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി ജി. രാമൻ നായർ 14,491 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.
ഇത്തവണയും ജോബ് തന്നെയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. യുഡിഎഫിനായി മത്സരിക്കുന്നത് വിനു ജോബാണ്. ബി. രാധാകൃഷ്ണ മേനോനാണ് എൻ ഡി എ സ്ഥാനാർത്ഥി. ക്രൈസ്തവ വിഭാഗങ്ങൾക്ക് ചങ്ങനാശ്ശേരിയിൽ വലിയ സാമൂഹിക സ്വാധീനമുണ്ട്.
സ്ഥാനാർത്ഥിയുടെ വിശ്വാസ്യതയും സ്ഥാപനങ്ങളുമായുള്ള ബന്ധവും മുന്നണികളുടെ കെട്ടുറപ്പും നോക്കിയാണ് ഇവർ വോട്ട് രേഖപ്പെടുത്തുന്നത്. ക്രൈസ്തവ, നായർ സമുദായങ്ങൾക്ക് ശക്തമായ സ്വാധീനമുണ്ടെങ്കിലും മറ്റ് വിഭാഗങ്ങളും നിർണ്ണായകമാണ്. സമവായ രാഷ്ട്രീയത്തിനാണ് ഇവിടെ മുൻതൂക്കം. അതാണ് ചങ്ങനാശേരിയെ മുന്നോട്ട് നയിക്കുന്നതും. ഇത്തവണ മണ്ഡലം ആർക്കൊപ്പമാകുമെന്ന് കാത്തിരുന്ന് കാണാം

