പുരാതന ഇളയിടത്തു സ്വരൂപത്തിന്റെ ഭാഗമായിരുന്ന പ്രദേശമാണ് അടൂർ . കേരളത്തിൽ ബുദ്ധമതം ശക്തിപ്രാപിച്ചു നിന്നിരുന്ന സ്ഥലങ്ങളിലൊന്നു കൂടിയായിരുന്നു അടൂർ. മതസൗഹാർദ്ദത്തിന്റെ നാട് കൂടിയാണ് അടൂർ. ഒപ്പം രാഷ്ട്രീയമായി വേരോട്ടമുള്ള പ്രദേശവും . അടൂർ താലൂക്കിൽ ഉൾപ്പെടുന്ന അടൂർ നഗരസഭ, പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമൺ, കൊടുമൺ, ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണിത്.
1967 ൽ പി രാമലിംഗമാണ് അടൂരിൽ നിന്ന് എം എൽ എ ആയത് . 1970 ൽ തെങ്ങമം ബാലകൃഷ്ണനും, 77 ൽ തെന്നല ബാലകൃഷ്ണപിള്ളയും ഇവിടെ നിന്ന് ജയിച്ചു കയറി. 1980 ൽ സി.പി. കരുണാകരൻ പിള്ള , 1982 ൽ തെന്നല ബാലകൃഷ്ണപിള്ള , 1987 ൽ ആർ. ഉണ്ണികൃഷ്ണൻ പിള്ള എന്നിവരാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1991 മുതൽ 2011 വരെ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടൂരിൽ വിജയിച്ചത് . 2011 മുതൽ 2021 വരെ ചിറ്റയം ഗോപകുമാറാണ് അടൂരിനെ പ്രതിനിധീകരിക്കുന്നത് .
ചിറ്റയം ഗോപകുമാർ 66,569 വോട്ടുകൾ നേടിയാണ് കഴിഞ്ഞ തവണ മണ്ഡലം നിലനിർത്തിയത്. കോൺഗ്രസിന്റെ എം.ജി. കണ്ണനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കണ്ണൻ 63,650 വോട്ടുകൾ നേടി. ഇത്തവണ പ്രിജി കണ്ണനിലൂടെ മണ്ഡലം നിലനിർത്താനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് സി.വി. ശാന്തകുമാറിനെയാണ്.പന്തളം പ്രതാപനാണ് എൻ ഡി എ സ്ഥാനാർഥി.
മാലിന്യ നിർമ്മാർജ്ജനം, ഓടകൾ, ശുദ്ധജല വിതരണം, ഗതാഗതക്കുരുക്ക്, ടൗൺ പ്ലാനിംഗ് എന്നിവ എക്കാലത്തെയും പ്രധാന ചർച്ചാവിഷയങ്ങളാണ്. വാഗ്ദാനങ്ങളേക്കാൾ വിശ്വാസ്യതയ്ക്കാണ് അടൂർ വോട്ട് ചെയ്യുന്നത്. കാര്യങ്ങൾ ചെയ്യുകയും ജനങ്ങൾക്ക് എപ്പോഴും ലഭ്യമാകുകയും ചെയ്യുന്ന നേതാക്കളെയാണ് അവർ പിന്തുണയ്ക്കുന്നത്. അടൂർ ഇത്തവണ ആർക്കൊപ്പമെന്ന് അറിയാനുളള ആകാംക്ഷയിലാണ് വോട്ടർമാരും.

