അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണമടഞ്ഞ മലയാളി നേഴ്സ് രഞ്ജിത ജി നായർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല പരാമർശങ്ങളും ജാതീയ അധിക്ഷേപവും നടത്തിയ റവന്യൂ ഉദ്യോഗസ്ഥനും ജോയിന്റ് കൗൺസിൽ നേതാവുമായ പവിത്രൻ സസ്പെൻഷനിലായി. സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ പതിവാക്കിയ ഇയാൾ, പ്രായഭേദമില്ലാതെ സ്ത്രീകളെ സെക്സ് ചാറ്റിനും ലൈംഗീക വൈകൃതങ്ങൾക്കും പ്രലോഭിപ്പിക്കുന്ന ഞരമ്പ് രോഗിയാണെന്ന് നിരവധി പേർ പരാതിപ്പെടുന്നു. ജാതീയ അധിക്ഷേപത്തിന്റെ പേരിൽ 9 മാസങ്ങൾക്ക് മുൻപ് കളക്ടറിൽ നിന്നും സസ്പെൻഷൻ ഏറ്റുവാങ്ങിയ പവിത്രൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ഭരണ തലത്തിലുള്ള സ്വാധീനം ഒന്നുകൊണ്ട് മാത്രമാണ്.
വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിത നായർക്ക് ആദരാഞ്ജലി അർപ്പിച്ച് സാമൂഹിക മാധ്യമത്തിൽ വന്ന കുറിപ്പിന് താഴെയാണ് മനുഷ്യവംശത്തിന് തന്നെ അപമാനകരമായ കമന്റ് പവിത്രൻ ഛർദ്ദിച്ചത്. ‘ഒരു നായർ സ്ത്രീ ഉണ്ടായിരുന്നു… കേരള സർക്കാർ ജോലി നൽകിയ അവർ ലീവെടുത്ത് വിദേശത്ത് സാധനം തേടി പോയി… കിട്ടേണ്ടത് കിട്ടി…‘ നായർ സ്ത്രീകളുടെ പാരമ്പര്യം തനിക്ക് അറിയില്ലേ… വലിയ സാധനം നോക്കി പോയതാണ്‘ ഇപ്രകാരമായിരുന്നു പവിത്രൻ എന്ന ഡെപ്യൂട്ടി തഹസീൽദാരുടെ നികൃഷ്ടമായ കമൻറ്റുകൾ.
പവിത്രന്റെ മനോവൈകൃതം വലിയ തോതിൽ പ്രതിഷേധങ്ങൾക്ക് കാരണമായതോടെ, ഇയാൾ ഖേദപ്രകടനം നടത്തി രംഗത്ത് വന്നിരുന്നു. എന്നാൽ അതൊന്നും മുഖവിലയ്ക്ക് എടുക്കാതെ കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത പവിത്രനെ സർവീസിൽ നിന്നും പിരിച്ചുവിടാൻ കളക്ടർ മേലധികാരികൾക്ക് ശുപാർശ നൽകിയിട്ടുണ്ട്. എന്നാൽ സിപിഐ അനുകൂല സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമായ ഇയാൾക്കെതിരെ മന്ത്രി അത്തരമൊരു കടുത്ത നടപടിയിലേക്ക് നീങ്ങുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.
2024 സെപ്റ്റംബർ 12ന് കാഞ്ഞങ്ങാട് എംഎൽഎയും മുൻ മന്ത്രിയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ജാതീയ അധിക്ഷേപം നടത്തിയതിനായിരുന്നു പവിത്രന് സസ്പെൻഷൻ ലഭിച്ചത്. ആ സസ്പെൻഷൻ കാലാവധി കഴിഞ്ഞ്, ഒരു മാസം മുൻപാണ് പവിത്രൻ സർവീസിൽ തിരികെ പ്രവേശിച്ചത്. സസ്പെൻഷൻ കഴിഞ്ഞ് എത്തിയിട്ടും പ്രധാന പദവിയിൽ തന്നെ തിരികെ ജോലിയിൽ പ്രവേശിക്കാൻ പവിത്രന് സാധിച്ചത് റവന്യൂ വകുപ്പിൽ ഇയാൾക്കുള്ള സ്വാധീനത്തിന് തെളിവാണ്.
‘ജോയിന്റ് കൗൺസിലിൽ ജില്ലയിലെ ഏറ്റവും സീനിയർ മെമ്പർ ഞാനാണ്. എന്നാൽ ചില നക്കി നായന്മാർ അത് അംഗീകരിക്കാൻ തയ്യാറല്ല. കാസർകോട് ജില്ലാ ജോയിന്റ് കൗൺസിലിൽ മുഴുവൻ നായന്മാരുടെ അഴിഞ്ഞാട്ടമാണ്. സർവീസിൽ കയറിയതിന് ശേഷം ഞാൻ കണ്ട ഏറ്റവും മോശം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നായർ ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യാതൊരു പാരമ്പര്യ സ്വഭാവവും ഇല്ലാത്ത ഇത് പോലെയുള്ള ……. ഒക്കെ മന്ത്രി ആക്കിയാൽ അനുഭവിക്കുന്നത് ജീവനക്കാരും പാവങ്ങളുമാണ്. മരുമക്കളെ ഒക്കെ ജോയിന്റ് കൗൺസിലിന്റെ കീ പോസ്റ്റുകളിലേക്ക് നിയമിച്ചപ്പോൾ പട്ടികജാതിക്കാരെ തീരെ തഴഞ്ഞു..‘ ഇപ്രകാരമായിരുന്നു ഇ ചന്ദ്രശേഖരനെതിരായ പവിത്രന്റെ അധിക്ഷേപ പരാമർശങ്ങൾ.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യക്ക് ജാമ്യം നിഷേധിച്ച കോടതിക്കെതിരെയും പവിത്രൻ വിഷം തുപ്പിയിരുന്നു. ‘നവീൻ ബാബു സാർ കൈക്കൂലി വാങ്ങിച്ചു എന്നതിൽ ഒരു കാര്യവും ഇനി അറിയാനില്ല. ഒരു ജില്ലാ നേതാവിന് ഒരു യാത്രയയപ്പ് പങ്കെടുക്കാൻ പാടില്ല എന്നുണ്ടോ. ഇതെന്താ വെള്ളരിക്ക പട്ടണം ആണോ. ദിവ്യ ഇനിയും പങ്കെടുക്കും ആരാണ് ചോദിക്കാൻ.. കോടതി ഞങ്ങൾക്ക് പുല്ലാണ്.. ദിവ്യ അറസ്റ്റ് ചെയ്യാൻ വരുന്നവരെ കാണിച്ച് തരും. ഇതായിരുന്നു 2024 ഒക്ടോബർ 29ന് പവിത്രൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ്.
ഇതിനെല്ലാം പുറമേ രഞ്ജിത നായർക്കെതിരായ നിന്ദ്യവും നീചവുമായ അധിക്ഷേപങ്ങൾ കൂടി പുറത്ത് വന്നതോടെ, പവിത്രൻ അയച്ച അശ്ലീല സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളുമായി നിരവധി സ്ത്രീകളും പെൺകുട്ടികളുമാണ് സാമൂഹിക മാധ്യമങ്ങളിൽ രംഗത്ത് വന്നിരിക്കുന്നത്. അശ്ലീല ഗ്രൂപ്പിൽ അനുവാദമില്ലാതെ ആഡ് ചെയ്തതിന് ഒരു പെൺകുട്ടി ക്ഷുഭിതയായപ്പോൾ, ‘അവിഹിതം‘ ഒരു കോമഡിയാണെന്നും പിണങ്ങരുതെന്നും മാപ്പാക്കണം എന്നുമായിരുന്നു പവിത്രന്റെ മറുപടി.
സ്ക്രീൻ ഷോട്ട് പരസ്യപ്പെടുത്താത്തത്, കുടുംബസമേതം താൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് പവിത്രൻ കിടന്ന് കരഞ്ഞത് കൊണ്ടാണ് എന്നായിരുന്നു മറ്റൊരു സ്ത്രീയുടെ പ്രതികരണം. ഇയാളെ പെണ്ണുങ്ങൾ ഉള്ള വീട്ടിൽ കയറ്റാൻ കൊള്ളില്ലെന്നും ഇവർ പറയുന്നു.
ഇത്തരത്തിൽ, പരിഷ്കൃത മനുഷ്യന് ഒരു തരത്തിലും ഉൾക്കൊള്ളാനാകാത്ത അനേകം സ്വഭാവ വൈകൃതങ്ങളുടെ ആൾരൂപമാണ് പവിത്രൻ എന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ. നാനാജാതി മതസ്ഥരായ നിരവധി ആളുകൾക്ക് അവശ്യ സേവനം നൽകേണ്ടുന്ന റവന്യൂ വകുപ്പിൽ ഇത്തരമൊരു പുഴുക്കുത്ത് തുടരുന്നത് ജനാധിപത്യത്തോടും ഭരണഘടനയോടും സർവ്വോപരി പൗരന്മാരോടുമുള്ള വെല്ലുവിളിയാണ്. എത്രയും വേഗം ആനുകൂല്യങ്ങൾ റദ്ദാക്കി അധികാരികൾ ഇയാളെ ജോലിയിൽ നിന്നും എന്നെന്നേക്കുമായി പിരിച്ചു വിട്ടില്ലെങ്കിൽ, അപമാനിക്കപ്പെടുന്നത് നവോത്ഥാന മൂല്യങ്ങൾ പിറവികൊണ്ട കേരള സംസ്കാരമാണ്.

