ചണ്ഡീഗഢ്: ടൂർണമെന്റിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയും ഏറ്റവും മികച്ച ബൗളിംഗ് നിരയും തമ്മിൽ നടന്ന ജീവന്മരണ പോരാട്ടത്തിൽ, ഗുജറാത്ത് ടൈറ്റൻസിനെ എലിമിനേറ്റ് ചെയ്ത് മുംബൈ ഇന്ത്യൻസ്. ചണ്ഡീഗഢിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന എലിമിനേറ്ററിൽ, ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുത്തു. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തിയ മുംബൈക്കെതിരെ ഗുജറാത്തിന്റെ പോരാട്ടം 20 ഓവറിൽ 6 വിക്കറ്റിന് 208ൽ അവസാനിച്ചു.
ഐക്കൺ താരം രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിംഗ് ആയിരുന്നു മുംബൈ ഇന്നിംഗ്സിന്റെ ഹൈലൈറ്റ്. പവർ പ്ലേയിൽ നിരുത്തരവാദപരമായ ഫീൽഡിംഗിലൂടെ രോഹിതിനെ രണ്ട് തവണ കൈവിട്ട ഗുജറാത്ത് ഫീൽഡർമാർക്ക് അതിന് പകരം നൽകേണ്ടി വന്നത് കനത്ത വിലയായിരുന്നു. 50 പന്തിൽ 81 റൺസുമായാണ് രോഹിത് പിന്നീട് മടങ്ങിയത്. 47 റൺസെടുത്ത ബെയർസ്റ്റോ, 33 റൺസെടുത്ത സൂര്യകുമാർ യാദവ് എന്നിവരും മുംബൈക്ക് വേണ്ടി തിളങ്ങി.
ടൂർണമെന്റിലെ ഏറ്റവും ശക്തമായ ബാറ്റിംഗ് നിരയെ വെല്ലുവിളിക്കാൻ പോന്ന ടോട്ടൽ പ്രതിരോധിക്കാൻ, ഏറ്റവും മികച്ച ബൗളിംഗ് നിര കളത്തിലിറങ്ങിയതോടെ പോരാട്ടം ഇഞ്ചോടിഞ്ച് വാശിയേറിയതായി. തകർപ്പൻ ഫോമിൽ തുടരുന്ന സായ് സുദർശൻ 49 പന്തിൽ 80 റൺസുമായി ഗുജറാത്തിന്റെ പ്രതീക്ഷകൾ സജീവമാക്കി. 24 പന്തിൽ 48 റൺസുമായി വാഷിംഗ്ടൺ സുന്ദർ സുദർശന് ശക്തമായ പിന്തുണ നൽകി. എന്നാൽ നിർണായക ഘട്ടത്തിൽ വന്ന് വിക്കറ്റ് വീഴ്ത്തുന്ന പതിവ് പതിനാലാം ഓവറിൽ ബൂമ്ര ആവർത്തിച്ചതോടെ സുന്ദറിന്റെ സുന്ദരമായ ഇന്നിംഗ്സിന് തിരശ്ശീല വീണു. വൈകാതെ സുദർശൻ കൂടി മടങ്ങിയതോടെ ഗുജറാത്ത് പ്രതിസന്ധിയിലായി.
റൂഥർഫോർഡ്, തെവാട്ടിയ, ഷാരൂഖ് ഖാൻ എന്നിവരെ നിയന്ത്രിച്ച് നിർത്താൻ മുംബൈ ബൗളർമാർക്ക് സാധിച്ചതോടെ, 20 റൺസിന്റെ തോൽവിയുമായി ഗുജറാത്ത് മടങ്ങി. ജൂൺ 1ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്സ് ആണ് മുംബൈയുടെ എതിരാളികൾ. ഈ മത്സരത്തിലെ വിജയികൾ ജൂൺ 3ന് ഇതേ വേദിയിൽ നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവിനെ നേരിടും.

