മുംബൈ: ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത്, ചരിത്രത്തിൽ ആദ്യമായി വനിതാ ക്രിക്കറ്റ് ലോകകിരീടം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിന്റെ എല്ലാ മേഖലകളിലും വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഹർമൻപ്രീത് കൗർ നയിച്ച ഇന്ത്യൻ പെൺപുലികൾ കന്നിക്കിരീടം നേടിയത്. ലീഗ് ഘട്ടത്തിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്കെതിരെ, മഴ ഭീഷണി മുൻനിർത്തി ആക്രമണ ബാറ്റിംഗാണ് ഇന്ത്യ പുറത്തെടുത്തത്. സ്മൃതി മന്ഥാനയും ഷഫാലി വർമ്മയും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ഇന്ത്യയെ 100 കടത്തിയ ശേഷമാണ് പിരിഞ്ഞത്. 45 റൺസുമായി സ്മൃതി മടങ്ങിയെങ്കിലും 78 പന്തിൽ 87 റൺസിന്റെ വെടിക്കെട്ട് പ്രകടനവുമായി ഷഫാലി ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുംതൂണായി. 58 പന്തിൽ 58 റൺസ് നേടിയ ദീപ്തി ശർമ്മയുടെ ഇന്നിംഗ്സും ഇന്ത്യയുടെ നയം വ്യക്തമാക്കുന്നതായിരുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി അയബോംഗ ഖാക 3 വിക്കറ്റ് നേടി. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് എന്ന മികച്ച ടോട്ടലാണ് ഇന്ത്യ പടുത്തുയർത്തിയത്.
മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയും ആക്രമണം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും, മധ്യ ഓവറുകളിൽ കൃത്യമായി കളി നിയന്ത്രണത്തിൽ നിർത്താൻ ഇന്ത്യക്ക് സാധിച്ചു. 51 റൺസിന് ആദ്യ വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കക്ക് പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. ഒപ്പമുള്ളവർ പൊരുതി വീണിട്ടും വീരോചിതമായ സെഞ്ച്വറിയുമായി ക്യാപ്ടനും ഓപ്പണറുമായ ലോറ വോൾവാർട്ട് ആഫ്രിക്കൻ പെൺപടയെ മുന്നിൽ നിന്ന് നയിച്ചു. എന്നാൽ, നാൽപ്പത്തിരണ്ടാം ഓവറിൽ 220 റൺസിൽ നിൽക്കെ ഏഴാം വിക്കറ്റായി ലോറ മടങ്ങിയതോടെ ഇന്ത്യക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. 98 പന്തിൽ 11 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 101 റൺസ് നേടിയ ലോറയുടെ ഇന്നിംഗ്സ് എക്കാലവും ഓർമ്മിക്കപ്പെടും.
പ്ലെയർ ഓഫ് ദ് ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ദീപ്തി ശർമ്മയുടെ 5 വിക്കറ്റ് നേട്ടം ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായി. ഷഫാലി വർമ്മയ്ക്ക് 2 വിക്കറ്റുകളും ശ്രീ ചരണിക്ക് ഒരു വിക്കറ്റും ലഭിച്ചു. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 45.3 ഓവറിൽ 246 റൺസിൽ അവസാനിച്ചു.

