ലാഹോർ: ഐസിസി ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബിയിലെ ആവേശകരമായ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ 8 റൺസിന് പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ ഓപ്പണർ ഇബ്രാഹിം സാദ്രാന്റെ റെക്കോർഡ് സെഞ്ച്വറിയുടെ കരുത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന്റെ പോരാട്ടം 49.5 ഓവറിൽ 317 റൺസിൽ അവസാനിച്ചു.
146 പന്തിൽ 12 ബൗണ്ടറികളുടെയും 6 സിക്സറുകളുടെയും അകമ്പടിയോടെ 177 റൺസാണ് സാദ്രാൻ അടിച്ചുകൂട്ടിയത്. 31 പന്തിൽ 41 റൺസെടുത്ത അസ്മത്തുള്ളയും 24 പന്തിൽ 40 റൺസെടുത്ത മുഹമ്മദ് നബിയും വെടിക്കെട്ട് ബാറ്റിംഗിലൂടെ സ്കോർ ഉയർത്തി. 67 പന്തിൽ 40 റൺസ് എടുത്ത ക്യാപ്ടൻ ഷഹീദി സാദ്രന് ഉറച്ച പിന്തുണ നൽകി. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ മൂന്നും ലിവിംഗ്സ്റ്റൺ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടും ശക്തമായ പോരാട്ടം കാഴ്ചവെച്ച ശേഷമാണ് കീഴടങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് സെഞ്ച്വറി നേടി. 111 പന്തിൽ 120 റൺസെടുത്ത റൂട്ട് നാൽപ്പത്തിയാറാമത്തെ ഓവറിൽ പുറത്താകുന്നത് വരെ ഇംഗ്ലണ്ടിന് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ അവസാന ഓവറുകളുടെ സമ്മർദ്ദം അതിജീവിച്ച അഫ്ഗാനിസ്ഥാൻ മികച്ച ബൗളിംഗും കൃത്യതയാർന്ന ഫീൽഡിംഗും പുറത്തെടുത്തതോടെ ഇംഗ്ലണ്ട് തോൽവി സമ്മതിക്കുകയായിരുന്നു.
ഇംഗ്ലണ്ട് ഇന്നിംഗ്സിൽ റൂട്ടിന് പുറമേ ബെൻ ഡക്കറ്റ് (35), ജോസ് ബട്ട്ലർ (38), ജേമി ഓവർട്ടൺ (32) എന്നിവരും പൊരുതി നോക്കിയെങ്കിലും ജയിക്കാൻ അതൊന്നും മതിയാകുമായിരുന്നില്ല. 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അസ്മത്തുള്ള ഒമർസായ് ആണ് ഇംഗ്ലീഷ് ബാറ്റിംഗിനെ പിടിച്ചു കെട്ടിയത്. മുഹമ്മദ് നബിക്ക് 2 വിക്കറ്റ് ലഭിച്ചു.
അതേസമയം, തുടർച്ചയായ രണ്ടാം തോൽവിയോടെ ഇംഗ്ലണ്ട് ടൂർണമെന്റിൽ നിന്നും പുറത്തായി. ആദ്യ മത്സരത്തിൽ അവർ ഓസ്ട്രേലിയയോടും പരാജയപ്പെട്ടിരുന്നു.