കടുവാക്കുന്നേൽ കുറുവച്ചൻ വരുന്നു. മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തൻ്റെ കൈപ്പിടിയിൽ ഒതുക്കിയ ഒറ്റയാൻ . കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായാണ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പൂജ തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിലാണ് നടന്നത് . പ്രശസ്ത നിർമ്മാതാവ് ശ്രീ ടോമിച്ചൻ മുളകുപാടം ഭദ്രദീപം തെളിയിച്ചു.
പ്രമുഖ നടൻ ബിജു പപ്പൻ സ്വിച്ചോൺ കർമ്മവും തിരക്കഥാകൃത്ത്, ഡോ. കെ. അമ്പാടി ഐ. ഏ എസ്. ഫസ്റ്റ് ക്ലാപ്പും നൽകി. മാർട്ടിൻമുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്.മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്
ക്ലീൻ ഫാമിലി ഇമോഷൻ ത്രില്ലെർ ഡ്രാമയെന്ന് ഈ ചിത്രത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.സുരേഷ് ഗോപി എന്ന നടനിലൂടെ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കി ക്ലീൻ എൻ്റർടൈനറായിട്ടാണ് ചിത്രത്തിൻ്റെ അവതരണം.
ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരും നിരവധി പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.