തിരുവനന്തപുരം: മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2023ലെ ജെ സി ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ കരുണിന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയാണ് ജെ സി ഡാനിയേൽ പുരസ്കാരം.
വാർത്താക്കുറിപ്പിലൂടെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 2022-ലെ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ ടി.വി ചന്ദ്രന് ചെയര്‍മാനും ഗായിക കെ.എസ്. ചിത്ര, നടന് വിജയരാഘവന് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് ഷാജി എൻ കരുണിനെ പുരസ്കാര ജേതാവായി പ്രഖ്യാപിച്ചത്. പിറവി, സ്വം, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ, അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിത്തന്ന സംവിധായകനാണ് ഷാജി എൻ കരുൺ.
കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന് ചിത്രങ്ങളുടേത് ഉൾപ്പെടെ നാൽപ്പതോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി എൻ കരുൺ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് പ്രധാന ചിത്രങ്ങൾ.
ഏഴ് ദേശീയ പുരസ്കാരങ്ങളും ഏഴ് സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുള്ള ഷാജി എൻ കരുണിനെ ഭാരത സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. കലാസാംസ്കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ്’ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ രൂപവത്കരണത്തില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.