തിരുവനന്തപുരം: ഓരോ പുതിയ സിനിമകൾക്കൊപ്പവും ഓരോ കോമാളികൾ കൂടി പിറവിയെടുക്കുന്നു എന്ന സമീപകാല ട്രെൻഡിന്റെ പുത്തൻ ആവിഷ്കാരം തിരുവനന്തപുരത്ത് അവതരിപ്പിക്കാൻ ശ്രമിച്ച ആരാധകനെ തടഞ്ഞ് സിനിമാ പ്രേമികൾ. മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട്, ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന് സമാനമായ വേഷവിധാനങ്ങളോടെ ഏരീസ് പ്ലക്സ് തിയേറ്ററിൽ ഷോ ഇറക്കിയ ആളെയാണ് സിനിമാ കാണാൻ എത്തിയവർ സംഘം ചേർന്ന് തടഞ്ഞത്. തിയേറ്ററിലെ സുരക്ഷാ ജീവനക്കാർ കൃത്യസമയത്ത് ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്.
മോഹൻലാൽ നായകനായി അഭിനയിച്ച് 2022ൽ പുറത്തിറങ്ങിയ ആറാട്ട് എന്ന സിനിമയുടെ റിലീസിന് യൂട്യൂബർമാരുടെ മുന്നിൽ കോപ്രായങ്ങളുമായി ആറാട്ടണ്ണൻ എന്നയാൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇതൊരു ട്രെൻഡ് ആയി മാറിയത്. ആറാട്ടണ്ണന്റെ പരാക്രമങ്ങൾ യൂട്യൂബ് ചാനലുകളിൽ നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് കുപ്രസിദ്ധമായതോടെ, ഇത്തരം കോപ്രായങ്ങളിലൂടെ ശ്രദ്ധേയരാവാൻ നിരവധിയാളുകൾ പിന്നീട് വരിവരിയായി രംഗത്ത് വന്നു.
മമ്മൂട്ടിയുടെ ഭ്രമയുഗം റിലീസ് ആയപ്പോൾ അവതരിച്ച അമേഴ്സി അണ്ണൻ, ടർബോ റിലീസ് ആയപ്പോൾ അവതരിച്ച കിംബോയ് അണ്ണൻ, ഗോട്ടണ്ണൻ തുടങ്ങി നിരവധി പേർ പിന്നീട് ഈ ശ്രേണിയുടെ ഭാഗമായി. എറണാകുളം വനിത, വിനീത തിയേറ്ററുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഇത്തരം ആളുകൾ കോമാളിത്തരങ്ങളുമായി പ്രത്യക്ഷപ്പെട്ടത്.
ബറോസ് അണ്ണൻ അഥവാ മാംഗോ ചില്ലി അണ്ണൻ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തി ഏരീസ് പ്ലക്സിന് മുന്നിൽ എത്തിയ വ്യക്തിയെ, ‘നിന്റെയൊക്കെ കോമാളിത്തരം അങ്ങ് എറണാകുളത്ത് മതി, ഇങ്ങ് തിരുവനന്തപുരത്ത് വേണ്ട‘ എന്ന് പറഞ്ഞായിരുന്നു പ്രേക്ഷകർ തടഞ്ഞത്. ഏതായാലും സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രെൻഡിംഗ് ആയതോടെ, തിരുവനന്തപുരത്തെ സിനിമാ പ്രേമികളുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.