ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്ത് നടന്ന ഒരു പരിപാടിക്കിടെ നടൻ വിശാൽ വേദിയിൽ കുഴഞ്ഞുവീണു. വില്ലുപുരത്ത് സംഘടിപ്പിച്ച മിസ് കൂവാഗം ട്രാൻസ്ജെൻഡർ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം. നടൻ കുഴഞ്ഞുവീണത് ആരാധകരെ ആശങ്കയിലാക്കി. പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു വിശാൽ. ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നടന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് വിശാലിന്റെ മാനേജർ ഹരി കൃഷ്ണൻ പറഞ്ഞു. നടൻ രണ്ട് ദിവസത്തെ വിശ്രമത്തിലായിരിക്കും. നടന് കടുത്ത പനിയും ക്ഷീണവും ഉണ്ടായിരുന്നുവെന്നും ഭക്ഷണം ഒഴിവാക്കിയതാണ് കൂടുതൽ വഷളാകാൻ കാരണമെന്നും നടന്റെ മാനേജർ പറഞ്ഞു. ജനുവരിയിൽ അദ്ദേഹത്തിന് ഡെങ്കിപ്പനി ബാധിച്ചിരുന്നു, അതിനുശേഷം നടന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു.
അടുത്തിടെ ‘മധ ഗജ രാജ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്ക് നടൻ എത്തിയിരുന്നു.അന്ന് വളരെ ക്ഷീണിതനായി കാണപ്പെട്ട താരം ഒരു സഹായിയുടെ സഹായത്തോടെയാണ് വേദിയിലെത്തിയത്. മാത്രമല്ല, സംസാരിക്കുമ്പോൾ വിശാലിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.