ഹൈദരാബാദ് ; പുഷ്പ 2 പ്രീമിയറിനിടെ തിരക്കില്‍പെട്ട് പരിക്കേറ്റ കുട്ടിക്ക് മസ്തിഷ്കമരണം സ്ഥിരീകരിച്ചു . ചികില്‍സയിലിരിക്കുന്ന ഒന്‍പതുവയസുകാരനായ ശ്രീതേജയ്ക്കാണ് മസ്തിഷ്കമരണം സംഭവിച്ചത്. ശ്രീതേജയുടെ മാതാവ് രേവതി (35) അന്ന് തന്നെ മരണപ്പെട്ടിരുന്നു . ഹൈദരബാദിലെ കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി.
തെലങ്കാന ആരോഗ്യ സെക്രട്ടറിക്കൊപ്പം ആശുപത്രി സന്ദർശിച്ച ഹൈദരബാദ് പൊലീസ് കമ്മീഷണർ സി.വി ആനന്ദാണ് കുട്ടിയുടെ ആരോഗ്യ സ്ഥിതിയിൽ സ്ഥിരീകരണം നൽകിയത്. തിക്കിലും തിരക്കിലും പെട്ട് കുട്ടിക്ക് ഗുരുതര പരുക്കേറ്റിരുന്നു. തേജയുടെ ചികിത്സച്ചെലവു വഹിക്കുമെന്ന് അല്ലു അര്ജുന് നേരത്തെ പറഞ്ഞിരുന്നു.വെൻറിലേറ്ററിന്റെ സപ്പോർട്ടിലാണ് കുഞ്ഞ് കഴിയുന്നത്.
ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് രേവതി ഭർത്താവ് ഭാസ്ക്കറിനും , മക്കൾക്കുമൊപ്പം സിനിമ കാണാൻ എത്തിയത് . എന്നാൽ ഷോക്കെത്തിയ അല്ലു അർജുനെ കാണാൻ ജനം ഇരച്ചെത്തിയതാണ് അപകടത്തിനിടയാക്കിയത്. യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു.
സംഭവത്തെത്തുടർന്ന് അല്ലു അർജുനും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്മെൻ്റിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ തിയറ്റര്‍ ഉടമകളേയും അല്ലു അര്‍ജുനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനപൂർവമല്ലാത്ത നരഹത്യ, കൊലപാതകം, മനപൂർവം മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
അവിടെ തടിച്ചുകൂടിയ പൊതുജനങ്ങൾക്ക് നേരെ അല്ലു കൈവീശി , ഇത് ധാരാളം പൊതുജനങ്ങളെ തിയേറ്ററിൻ്റെ പ്രധാന ഗേറ്റിലേക്ക് ആകർഷിച്ചു. അതേ സമയം അദ്ദേഹത്തെ തിരികെ കൊണ്ടുപോകാൻ അദ്ദേഹത്തിൻ്റെ ടീമിനെ അറിയിച്ചു, പക്ഷേ അവർ അത് കാര്യമായെടുത്തില്ല.- എന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അറസ്റ്റിലായ അല്ലു അര്ജുന് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ജയില്‍മോചിതനായിരുന്നു