തിരുവനന്തപുരം: വളപട്ടണത്ത് അരി മൊത്ത വ്യാപാരിയുടെ വീട്ടിൽ നിന്നും മോഷണം പോയ ഒരു കോടി രൂപയും 300 പവനും അയൽക്കാരന്റെ പക്കൽ നിന്നും കണ്ടെടുത്ത സാഹചര്യത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പലതരത്തിലുള്ള ചർച്ചകളും നടക്കുകയാണ്. മോഷ്ടാവ് മാത്രമല്ല, ഇത്രയും തുകയും സ്വർണ്ണവും വീട്ടിൽ സൂക്ഷിച്ച വ്യക്തിയും കുറ്റക്കാരനാണെന്നും, ഇത്രയും മുതൽ വീട്ടിൽ സൂക്ഷിക്കാൻ ഇയാൾക്ക് അനുവാദമുണ്ടോയെന്നും ഒക്കെയുള്ള ചോദ്യങ്ങളാണ് പലരും ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിൽ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമാണ്, ഇന്ത്യയിൽ ഒരാൾക്ക് നിയമപരമായി പരമാവധി എത്ര രൂപ വരെ വീട്ടിൽ സൂക്ഷിക്കാം എന്നത്.
വീട്ടിലോ ഓഫീസിലോ അനധികൃതമായി സൂക്ഷിച്ച പണവും വിലയേറിയ വസ്തുക്കളും കണ്ടുകെട്ടാൻ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ നമ്മൾ നിത്യേന കാണുന്നുണ്ട്. ചിലപ്പോൾ ഇങ്ങനെ സൂക്ഷിക്കുന്ന പണവും മറ്റ് വസ്തുക്കളും കണ്ടുകെട്ടാറുണ്ട്. ചില കേസുകളിൽ അറസ്റ്റുകളും നടക്കാറുണ്ട്. ഒരു പരിധിക്ക് മേൽ പണം വീട്ടിൽ സൂക്ഷിക്കുന്നത് കുറ്റകരമാണോ?
ഇന്ത്യയിൽ വീടുകളിൽ സൂക്ഷിക്കാവുന്ന പരമാവധി പണത്തിന് നിയമപരമായി പരിധിയില്ല എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരാൾക്ക് എത്ര രൂപ വേണമെങ്കിലും വീട്ടിലോ ഓഫീസിലോ സൂക്ഷിക്കാം. എന്നാൽ, വലിയ തുക സൂക്ഷിക്കുന്നവർ, സൂക്ഷിച്ചിരിക്കുന്ന പണത്തിന്റെ സ്രോതസ്സ്, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തതിന്റെ രേഖകൾ, ബാങ്ക് വിവരങ്ങൾ എന്നിവയും ഒപ്പം സൂക്ഷിച്ച് വെക്കണം.
ഏതെങ്കിലും വ്യക്തികൾ വലിയ തുകകൾ കൈകാര്യം ചെയ്യുന്നതായി വിവരം ലഭിച്ചാൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തും. ഇതിന് അവരെ അനുവദിക്കുന്നത് ആദായ നികുതി നിയമത്തിലെ സെക്ഷൻ 68 മുതൽ 69ബി വരെയുള്ള ചട്ടങ്ങളാണ്. പരിശോധനയിൽ കണ്ടെത്തുന്ന തുകയുടെ സ്രോതസ്സും നിയമപരമായ വിശദീകരണവും നൽകാൻ പണത്തിന്റെ ഉടമസ്ഥൻ ബാദ്ധ്യസ്ഥനാണ്.
തുകയുടെ സ്രോതസ്സിനെ സംബന്ധിച്ചുള്ള വിവരങ്ങളും മറ്റ് വിശദീകരണങ്ങളും തൃപ്തികരമല്ലെങ്കിൽ പണം അനധികൃത സമ്പാദ്യമായി കണക്കാക്കും. ഇങ്ങനെ പിടിക്കപ്പെടുന്ന പണത്തിന്റെ 78 ശതമാനം വരെ നികുതിയായി നൽകേണ്ടി വരുമെന്ന് മാത്രമല്ല, ഭീമമായ തുകകൾ പിഴയായും അടയ്ക്കേണ്ടി വരും.
നിങ്ങൾ ഒരു വ്യാപാരിയാണെങ്കിൽ, നിങ്ങളുടെ പക്കലുള്ള പണം വ്യാപാര സ്ഥാപനത്തിലെ കാഷ് ബുക്കുമായി ചേർച്ചയുള്ളതായിരിക്കണം. ബാങ്കിൽ നിന്നും പിൻവലിച്ച പണമായാലും മറ്റ് സ്രോതസ്സുകളിൽ നിന്നും ലഭിച്ച പണമായാലും സമ്മാനമോ സംഭാവനയായോ ലഭിച്ച പണമായാലും മതിയായ രേഖകൾ നിർബന്ധമാണ്.
അധികമായി കണ്ടെത്തുന്ന തുക വസ്തുവിറ്റ തുകയാണെന്നോ പാരിതോഷികമായി കിട്ടിയ പണമാണെന്നോ അവകാശപ്പെട്ടാലും കുടുങ്ങും. പാരിതോഷികമായി രണ്ട് ലക്ഷം രൂപയിൽ കൂടുതൽ പണമായി കൈയ്യിൽ സ്വീകരിക്കാൻ അനുവാദമില്ല. വസ്തുവിറ്റ വകയിൽ കൈയ്യിൽ കിട്ടുന്ന പണത്തിനും റവന്യൂ പരിധിയുണ്ട്. അതിന് മുകളിലുള്ള തുകയുടെ കൈമാറ്റം പാൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ മുഖേന ബാങ്ക് അക്കൗണ്ട് വഴി മാത്രമേ നടത്താൻ അനുവാദമുള്ളൂ.
സ്വർണത്തിന്റെ കാര്യത്തിലും വ്യവസ്ഥാപിതമായ നിയമങ്ങളാണ് രാജ്യത്ത് ഉള്ളത്. വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന് ഇന്ത്യയിൽ സാങ്കേതികമായി കർശന പരിധികളൊന്നും ഇല്ല. എന്നാൽ വിവാഹം കഴിഞ്ഞവരാണോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിൽ കൈയ്യിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന് ആദായ നികുതി വകുപ്പ് ചില പരിധികൾ കൽപ്പിച്ചിട്ടുണ്ട്.
ആദായ നികുതി വകുപ്പിന്റെ ചട്ടങ്ങൾ പ്രകാരം, വിവാഹിതയായ ഒരു സ്ത്രീക്ക് ഇന്ത്യയിൽ പരമാവധി 500 ഗ്രാം സ്വർണം വരെ കൈയ്യിൽ സൂക്ഷിക്കാം. അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാമാണ് പരിധി. പുരുഷന്മാർക്ക് 100 ഗ്രാം സ്വർണം വരെയും നികുതി ബാദ്ധ്യതയില്ലാതെ വീട്ടിൽ സൂക്ഷിക്കാം. എന്നാൽ ഈ പരിധികൾക്ക് മുകളിലുള്ള സ്വർണം സൂക്ഷിക്കുന്നതിന് സ്രോതസ്സ് വ്യക്തമാക്കുന്ന മതിയായ രേഖകൾ അനിവാര്യമാണ്.