പുരുഷന്മാർക്കെതിരെ വ്യാജപീഡന പരാതികളും പ്രണയം നടിച്ചുള്ള വഞ്ചനകളും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, വനിതാ കമ്മീഷൻ മാതൃകയിൽ ഒരു പുരുഷാവകാശ കമ്മീഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു. ചാനൽ ചർച്ചകളിലെ സജീവ സാന്നിദ്ധ്യമായ രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ളവർ ഇത്തരം ഒരു ആവശ്യവുമായി മുന്നോട്ട് വരുമ്പോൾ, അവർ ഉന്നയിക്കുന്ന വാദഗതികളോട് പൊതുസമൂഹത്തിന് പരിഹാസമാണ് തോന്നുന്നത് എങ്കിലും, അത്തരമൊരു ആശയത്തിന്റെ അനിവാര്യത ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട് എന്നത് അവഗണിക്കാനാകില്ല.
നിയമത്തിന്റെ ആനുകൂല്യം സ്ത്രീകൾ പണം തട്ടാനുള്ള ഉപാധികളാക്കി മാറ്റുന്നതിനെതിരെ രാജ്യത്തെ വിവിധ കോടതികൾ തന്നെ പല വിധത്തിലുള്ള ആശങ്കകൾ പങ്കുവെച്ച് കഴിഞ്ഞു. ക്രിമിനൽ കുറ്റങ്ങൾ ചെയ്തിട്ട് സ്ത്രീയാണെന്ന ആനുകൂല്യത്തിൽ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ട് പോകുന്ന സാഹചര്യങ്ങളെയും ന്യായാധിപർ പലപ്പോഴായി വിമർശിച്ചിട്ടുണ്ട്
സ്ത്രീപക്ഷ നിയമങ്ങൾ പലപ്പോഴും പണം തട്ടാനുള്ള മാർഗ്ഗങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്. കൂടാതെ, സമാന കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ള സ്ത്രീകളോടും പുരുഷന്മാരോടും വ്യത്യസ്ത സമീപനങ്ങളാണ് പലപ്പോഴും സ്വീകരിക്കപ്പെടുന്നത്. ക്രിമിനൽ കേസുകളിൽ പോലും സ്ത്രീയെന്ന പരിഗണന നൽകി ശിക്ഷകൾ ലഘൂകരിക്കുന്നു.
ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും മാനസിക പീഡനം സഹിക്കാനാകാതെയാണ് ഡൽഹിയിലെ കഫെ ഉദ്യോഗസ്ഥനായ പുനീത് ഖുരാന പുതുവത്സര ദിനത്തിൽ ആത്മഹത്യ ചെയ്തത്. അകന്ന് കഴിയുന്ന ഭാര്യയുടെയും അവരുടെ മാതാവിന്റെയും സഹോദരന്റെയും മാനസിക പീഡനം സഹിക്കാൻ പറ്റാതെയാണ് ബംഗലൂരുവിലെ ടെക്കി അതുൽ സുഭാഷ് എന്ന 34 വയസ്സുകാരൻ ആത്മഹത്യ ചെയ്തത്. തന്നിൽ നിന്നും വലിയ തുകകൾ ആവശ്യപ്പെട്ട് ഭാര്യയും ബന്ധുക്കളും നിരവധി തവണ ഭീഷണിപ്പെടുത്തിയെന്ന് അതുൽ സുഭാഷ് ആരോപിക്കുന്നു. കൂടാതെ കൊലപാതക ശ്രമം, സ്ത്രീധന പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം എന്നിവയും തനിക്കെതിരെ ആരോപിക്കപ്പെട്ടിരുന്നതായി അദ്ദേഹം ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഇവിടെ ഇത്തരമൊരു ചോദ്യം പ്രസക്തമാകുകയാണ്. വൈവാഹിക പീഡനത്തിന്റെ ഇരയായി ഭാര്യ മാറുമ്പോൾ വൻ തുകകൾ ജീവനാംശമായി ഭർത്താവിൽ നിന്നും ഈടാക്കി നൽകുന്ന കോടതികൾ, എന്തുകൊണ്ട് സമാനമായ കേസുകളിൽ ഇരകളാക്കപ്പെടുന്ന പുരുഷന്മാർക്ക് ജീവനാംശം നൽകാൻ വിധിക്കുന്നില്ല? ഇത് ലിംഗനീതിയുടെ സ്വാഭാവികമായ ലംഘനമല്ലേ?
അതേസമയം 1956ലെ ഹിന്ദു അഡോപ്ഷൻസ് ആൻഡ് മെയിന്റനൻസ് ആക്ടിലെ സെക്ഷൻ 18 പ്രകാരവും 2005ലെ ഗാർഹിക പീഡന നിരോധന നിയമ പ്രകാരവും, വിവാഹമോചിത ആകാതെ തന്നെ സ്ത്രീകൾക്ക് ഭർത്താവിൽ നിന്നും ജീവനാംശം ആവശ്യപ്പെടാം. ചുരുക്കി പറഞ്ഞാൽ, ഗാർഹിക പീഡന കേസുകളിൽ സാമ്പത്തിക നഷ്ടപരിഹാരത്തിന് സ്ത്രീകൾ മാത്രമാണ് അർഹർ.
ഗാർഹിക പീഡനം നടത്തുന്നത് ഭർത്താക്കന്മാർ മാത്രമാണ് എന്ന തെറ്റായ ധാരണായുടെ പുറത്താണ് ഇത്തരം നിയമങ്ങൾ നിലനിൽക്കുന്നത്. സ്ത്രീകളും ഗാർഹിക പീഡനങ്ങളും ക്രൂരതകളും നടത്തുന്നുണ്ട് എന്നത് നിയമം വേണ്ട വിധത്തിൽ പരിഗണിക്കുന്നില്ല. ഇന്ത്യയിലെ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളേക്കാൾ 2.5 ശതമാനം കൂടുതൽ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരാണ് എന്നത് ഈ അസമത്വവുമായി കൂട്ടിവായിക്കേണ്ടതാണ്.
നിയമത്തിലെ ഏറ്റവും വലിയ മറ്റൊരു തമാശ എന്തെന്നാൽ, ഭർത്താവിനേക്കാൾ വരുമാനം കുറവാണ് ഭാര്യക്കെങ്കിൽ, ഭാര്യയുടെ ക്രൂരത നിമിത്തമാണ് വിവാഹമോചനം എങ്കിൽ പോലും ഭർത്താവ് അവർക്ക് ചിലവിന് കൊടുക്കണം. അതും, വിവാഹ സമയത്ത് സ്ത്രീ ജീവിച്ചിരുന്ന ചുറ്റുപാടുകൾക്ക് ആനുപാതികമായ ജീവിതം നയിക്കാനുള്ള തുകയാണ് നൽകേണ്ടത്. സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താൻ എന്ന പേരിലാണ് ഈ നിയമമെങ്കിലും, ഫലത്തിൽ ഇവിടെ ഭർത്താവ് അനുഭവിക്കേണ്ടത് ഭാര്യയുടെ ക്രൂരത മൂലമുള്ള വിവാഹമോചനവും തുടർന്നുള്ള മാനഹാനിയും മാത്രമല്ല, കടുത്ത സാമ്പത്തിക ബാധ്യത കൂടിയാണ്.
ലിംഗനീതി എന്നാൽ സ്ത്രീകൾക്ക് മാത്രം അനുകൂലമായ ഒരു സംവിധാനമാണ് എന്ന തെറ്റിദ്ധാരണയാണ് ഇത്തരം നിയമങ്ങൾ മൂലം അരക്കിട്ടുറപ്പിക്കപ്പെടുന്നത്. സ്ത്രീകൾ മാത്രമല്ല ഗാർഹിക പീഡനങ്ങളുടെ ഇര എന്ന് നിയമസംവിധാനങ്ങൾ മനസ്സിലാക്കണം. സ്ത്രീസുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നത് എന്ന വാദഗതി ആവർത്തിക്കുമ്പോഴും, നിയമത്തിന്റെ ഈ ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഇത്തരം സാഹചര്യത്തിൽ, നിയമങ്ങളിൽ പൊളിച്ചെഴുത്ത് സാധ്യമായില്ലെങ്കിൽ ലിംഗനീതി എന്നത് ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ ഒരു ആശയമായി വ്യാഖ്യാനിക്കപ്പെടുന്നത് തുടരും.
ഗാർഹിക പീഡനത്തിന്റെ ഇരകളായി വിവാഹമോചനം നേടുന്ന പുരുഷന്മാർ തങ്ങളുടെ ഭാര്യമാരേക്കാൾ കുറഞ്ഞ സാമ്പത്തിക നില ഉള്ളവരാണെങ്കിൽ, ഇവിടെ സ്ത്രീകളിൽ നിന്നും ജീവനാംശം ഈടാക്കി പുരുഷന് നൽകാൻ നിയമമുണ്ടാകണം എന്നാണ് പുരുഷാവകാശ കമ്മീഷൻ എന്ന ആവശ്യവുമായി മുന്നോട്ട് വരുന്നവരുടെ നിലപാട്. ഇത്തരമൊരു നിയമം നിലവിൽ വന്നാൽ, നിയമങ്ങളെ പണം സമ്പാദിക്കാനുള്ള മാർഗ്ഗമാക്കുന്ന ചില സ്ത്രീകൾക്ക് തിരിച്ചടിയാകുമെന്നും, ജീവനാംശത്തിന് വേണ്ടി ഒന്നിൽ കൂടുതൽ പുരുഷന്മാരെ വിവാഹം കഴിച്ചിട്ട് അവരിൽ നിന്നെല്ലാം വിവാഹമോചനങ്ങൾ നേടി വൻ തുകകൾ സമ്പാദിക്കുന്ന ഏർപ്പാട് അവസാനിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഗാർഹിക പീഡനങ്ങളിൽ നിന്നും പുരുഷന് സംരക്ഷണം നൽകുന്ന ഒരു നിയമം പോലും ഇന്ന് നിലവിലില്ല എന്നത് ആശങ്കാജനകമാണ്. പീഡനങ്ങൾ മൂലം മനസ്സും ശരീരവും തകരുന്നത് സ്ത്രീകൾക്ക് മാത്രമല്ലെന്ന വസ്തുത കൂടി ന്യായാലയങ്ങൾ ഉൾക്കൊള്ളണം. ഒരു ഭർത്താവ് ഭാര്യയിൽ നിന്നും വൈകാരികമോ സാമ്പത്തികമോ ശാരീരികമോ ആയ ആക്രമണം നേരിട്ടാൽ, അയാൾക്കും സംരക്ഷണം നൽകുന്നതായിരിക്കണം നിയമം വിഭാവനം ചെയ്യുന്ന തുല്യനീതി.
നിലവിൽ വിവാഹിതയായ ഒരു സ്ത്രീ, വിവാഹം നടന്ന് ഏഴ് വർഷങ്ങൾക്കുള്ളിൽ ആത്മഹത്യ ചെയ്താൽ, അതിന് കാരണക്കാരായ ഭർത്താവിനും ഭർതൃബന്ധുക്കൾക്കും എതിരെ കേസെടുക്കാൻ നിയമമുണ്ട്. സമാനമായ നിയമത്തിന്റെ ആനുകൂല്യം പുരുഷനും ലഭിക്കുന്ന തരത്തിൽ നിയമം ഉടച്ച് വാർക്കപ്പെടുന്നതാണ് ലിംഗനീതി എന്നും പുരുഷാവകാശ സംഘടനകൾ അഭിപ്രായപ്പെടുന്നു.
ഗാർഹിക പീഡന നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് മൂലം കഷ്ടതകൾ അനുഭവിക്കുന്ന വലിയൊരു വിഭാഗം പുരുഷന്മാർ നമുക്ക് ചുറ്റുമുണ്ട്. കുറ്റം ചെയ്യുന്നത് സ്ത്രീ ആയാലും പുരുഷൻ ആയാലും അവർക്ക് ശിക്ഷയും ഇരകൾക്ക് ലിംഗഭേദമന്യെ നീതിയും എന്നതാകണം ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ ലിംഗനീതി എന്നതിന്റെ വ്യാഖ്യാനം. അത്തരത്തിൽ ചിന്തിക്കാൻ നമ്മുടെ നിയമ സംവിധാനങ്ങൾക്ക് കഴിയാത്തിടത്തോളം കാലം, പുനീത് ഖുരാനമാരും അതുൽ സുഭാഷുമാരും നമുക്ക് മുന്നിൽ ലിംഗ അനീതിയുടെ ഇരകളായി പ്രതീകവത്കരിക്കപ്പെട്ട് നിലകൊള്ളും.