ഉടമയെ രക്ഷിക്കാൻ കടുവയുമായി പോരാടിയ വളർത്തുനായ ചത്തു. മധ്യപ്രദേശിലെ സത്ന ജില്ലയിലെ ബന്ധവ്ഗഡ് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപം ഫെബ്രുവരി 26 നാണ് സംഭവം.
ശിവം ബദ്ഗയ തന്റെ വളർത്തുമൃഗമായ ജർമ്മൻ ഷെപ്പേർഡിനൊപ്പം വീടിന് പുറത്തായിരുന്നപ്പോഴാണ്, അടുത്തുള്ള കാട്ടിൽ നിന്ന് ഒരു കടുവ ഗ്രാമത്തിലേക്ക് വഴിതെറ്റി എത്തിയത് . കടുവ ശിവമിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ, നായ കടുവയെ നേരിടുകയും ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങുകയും ചെയ്തു.ആദ്യം നായയുടെ കുരയെ അവഗണിച്ച കടുവ, താമസിയാതെ ഉടമയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിട്ട് നായയെ ആക്രമിച്ചു.
ജർമ്മൻ ഷെപ്പേർഡ് നായയുടെ വാലിൽ പിടിച്ച് ഗ്രാമത്തിന് പുറത്തേക്ക് കടുവ വലിച്ചിഴച്ചുവെന്ന് ഉടമ ശിവം പറഞ്ഞു. നായ ഏറെ നേരം ശക്തമായി ചെറുത്തുനിൽക്കുകയും പ്രത്യാക്രമണം നടത്തുകയും ചെയ്തു. ഒടുവിൽ കടുവ നായയെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോകുകയും ചെയ്തു.പക്ഷേ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മുറിവുകളിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടായി നായ ചാവുകയായിരുന്നു.