കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ഭാര്യ മഞ്ജുഷ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ പി ബി സുരേഷ്കുമാറും ജോബിൻ സെബാസ്റ്റ്യനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് തീരുമാനം.
പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരേയാണ് അപ്പീൽ സമർപ്പിച്ചിരുന്നത്. നവീൻ ബാബുവിന്റേത് കൊലപാതകമാണെന്നും കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം. കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ രാഷ്ട്രീയ പക്ഷപാതപരമായ അന്വേഷണം മാത്രമാണ് നടക്കുക. ഈ സാഹചര്യത്തിൽ കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.
കുടുംബം എത്തുന്നതിന് മുന്‍പ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നെന്നും എന്നാല്‍ അതുണ്ടായില്ലെന്നും കുടുംബം വാദിച്ചിരുന്നു.
പ്രതി രാഷ്ട്രീയ സ്വാധീനമുള്ളയാളാണെന്നും പ്രതിയെ സംരക്ഷിക്കാൻ ശ്രമമുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും നവീൻ്റെ കുടുംബം ആവശ്യപ്പെട്ടു. 2024 ഒക്റ്റോബറിലാണ് നവീൻ ബാബു മരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്.
എന്നാൽ നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയാണെന്നും കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. നവീൻ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിൽ മറ്റൊരു ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

