പ്രയാഗ് രാജ് : മഹാകുംഭമേള ഇന്ന് സമാപിക്കും . ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്നാനത്തോടെയാണ് മേളയ്ക്ക് സമാപനമാകുക. 64 കോടിയോളം പേർ ഇത്തവണ മേളയ്ക്ക് എത്തിയെന്നാണ് കണക്കുകൾ . സന്യാസിമാരും തീർത്ഥാടകരും ഉൾപ്പെടെ നിരവധി ഭക്തർ ശിവരാത്രി ദിനത്തിൽ പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിലും മറ്റ് ഘട്ടുകളിലും അവസാനമായി പുണ്യസ്നാനം നടത്തുകയാണ്.
ഇന്ന് 2 കോടി തീര്‍ത്ഥാടകരെയാണ് സ്നാനത്തിനായി പ്രതീക്ഷിക്കുന്നത്. വന്‍ ജനത്തിരക്കിനെ തുടര്‍ന്ന് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് മേളനഗരിയില്‍ ഒരുക്കിയിരിക്കുന്നത്.144 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന അപൂർവമായ മഹാ കുംഭമേള ജനുവരി 13 നാണ് (പൗഷ് പൂർണിമ) ആരംഭിച്ചത്. സന്യാസിമാരുടെ വിപുലമായ ഘോഷയാത്രകൾക്കും മൂന്ന് ‘അമൃത് സ്നാനങ്ങൾക്കും’ മേള സാക്ഷ്യം വഹിച്ചു .
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇന്ന് മഹാകുംഭമേളയിലെത്തിയ ഭക്തർക്ക് അഭിനന്ദനം അറിയിച്ചു. “2025 ലെ മഹാ കുംഭമേളയിൽ ഭോലേനാഥിന്റെ ആരാധനയ്ക്കായി സമർപ്പിച്ചിരിക്കുന്ന മഹാശിവരാത്രിയുടെ പുണ്യസ്നാനോത്സവമായ ഇന്ന് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്താൻ എത്തിയ എല്ലാ ആദരണീയരായ സന്യാസിമാർക്കും, കല്പവാസികൾക്കും, ഭക്തർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ…..ഹർ ഹർ മഹാദേവ്!” അദ്ദേഹം X-ൽ കുറിച്ചു.