ന്യൂഡൽഹി : വയറിൽ നിന്ന് തൂങ്ങിയ കാലുകളുമായി ജനിച്ച 17 കാരനിൽ വിജയകരമായി ശസ്ത്രക്രിയ നടത്തി പുതിയ നേട്ടവുമായി ഡൽഹി എയിംസ് . ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ നിന്നുള്ള കുട്ടിയുടെ വയറിൽ നിന്ന് വളർന്ന് വന്ന കാലുകളാണ് അതി സങ്കീർണ്ണമായ ചികിത്സയിലൂടെ മാറ്റിയത് .
കുട്ടിയ്ക്ക് സാധാരണ നിലയിൽ രണ്ട് കാലുകൾ ഉണ്ടായിരുന്നെങ്കിലും പൊക്കിളിനോട് ചേർന്ന് മറ്റ് രണ്ട് കാലുകൾ കൂടി അധികമായി ഉണ്ടായിരുന്നു .ജനനം മുതൽ ഈ അപൂർവ അവസ്ഥയുമായി ജീവിച്ചിരുന്ന കുട്ടിയ്ക്ക് കഠിനമായ വയറുവേദനയും അനുഭവപ്പെട്ടിരുന്നു.ഡോ അസൂരി കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
അപൂർണ്ണ പരാദ ഇരട്ട എന്ന അവസ്ഥയായിരുന്നു കുട്ടിയ്ക്ക് ഉണ്ടായിരുന്നത് . അതായത് മാതാവ് ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചെങ്കിലും അതിൽ ഒന്നിന്റെ ശരീരം പൂർണ്ണമായും വളർച്ച പ്രാപിക്കാത്ത അവസ്ഥ. ഈ പൂർണ്ണമായി വളരാത്ത ശരീരഭാഗങ്ങൾ പൂർണ്ണവളർച്ചയെത്തിയ കുഞ്ഞിന്റെ ശരീരത്തിൽ പറ്റിപ്പിടിക്കുകയും വളരുകയും ചെയ്തു .മെഡിക്കൽ ചരിത്രത്തിൽ ഇത്തരത്തിൽ 40 കേസുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. കുട്ടി വളർന്നതോടെ ഇത് ഹൃദയ, നാഡീസംബന്ധമായ സങ്കീർണതകൾക്ക് കാരണമാകുകയും ചെയ്തു.
ശസ്ത്രക്രിയ നടത്തുന്നത് ഒരു പക്ഷെ ജീവന് തന്നെ ആപത്താകുമെന്നായിരുന്നു ഒരു കൂട്ടം ഡോക്ടർമാരുടെ മുന്നറിയിപ്പ്. ഒടുവിൽ ബന്ധു നിർദ്ദേശിച്ചപ്രകാരമാണ് കുട്ടിയെ മാതാപിതാക്കൾ എയിംസിൽ എത്തിച്ചത് . വയറിലുള്ള കാലുകൾ കുട്ടിയുടെ വളർച്ചയെ തകരാറിലാക്കുമെന്ന് കണ്ടെത്തിയതോടെയാണ് എയിംസ് ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത് . ഈ മാസം 8 നായിരുന്നു ശസ്ത്രക്രിയ . കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടർമാർ അറിയിച്ചു.