പാലക്കാട്: താൻ ചെയ്ത കുറ്റത്തിന് 100 വർഷം തടവ് നൽകണമെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര കോടതിയിൽ. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ചെന്താമരയുടെ പ്രതികരണം .
ഇപ്പോൾ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും ചെന്താമര കോടതിയെ അറിയിച്ചു. കോടതി ചെന്താമരയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട് . ചെന്താമരയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ടാണ് പോലീസ് ചെന്താമരയെ അറസ്റ്റ് ചെയ്തത്. ഇരകൾ തന്റെ ജീവിതം നശിപ്പിച്ചവരാണെന്നും , താൻ ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നും ചെന്താമര കോടതിയെ അറിയിച്ചു. എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നും , വീണ്ടും ജയിൽ മോചിതനാകാൻ ആഗ്രഹിക്കുന്നില്ലെന്നും , തന്റെ മകളെയും മരുമകനെയും നേരിടാൻ വയ്യെന്നുമാണ് ചെന്താമര കോടതിയിൽ പറഞ്ഞത്.
കൊലപാതകം നടത്താനുള്ള പദ്ധതി വിജയിച്ചതിൽ ചെന്താമര സന്തുഷ്ടനാണെന്നും സൂക്ഷ്മമായ ആസൂത്രണത്തോടെയാണ് കുറ്റകൃത്യം നടത്തിയതെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.