പത്തനംതിട്ട: അടൂരിൽ പ്ലസ് 2 വിദ്യാർത്ഥിനിയെ 9 പേർ മാനഭംഗപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ ആദിക്കാട്ടുകുളങ്ങര തങ്ങൾ എന്ന് വിളിക്കുന്ന ബദർ സമനാണ് പിടിയിലായത്. നൂറനാട് പോലീസാണ് 62 വയസ്സുകാരനായ ഇയാളെ അറസ്റ്റ് ചെയ്തത്.
പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ തങ്ങളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്ക് പുറത്ത് നിർത്തി തങ്ങൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ ശിശുക്ഷേമ സമിതി നടത്തിയ കൗൺസലിംഗിലാണ് ആറുവർഷമായി നേരിട്ട പീഡനത്തെ കുറിച്ച് പെൺകുട്ടി തുറന്ന് പറഞ്ഞത്.
ആദ്യ പീഡനത്തിന് ശേഷം പിന്നീടുള്ള വർഷങ്ങളിൽ സഹപാഠി ഉൾപ്പെടെ എട്ടുപേർ കൂടി തന്നെ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി മൊഴി നൽകി. തന്റെ നഗ്നദൃശ്യങ്ങൾ സഹപാഠി പ്രചരിപ്പിച്ചുവെന്നും പെൺകുട്ടി പരാതിപ്പെട്ടു.
പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ശിശുക്ഷേമ സമിതിയും സ്കൂൾ അധികൃതരും ചേർന്ന് സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. കേസിൽ നാലുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.